Image/ ANI

പത്തുകോടിയിലേറെ രൂപയും 52 കിലോ സ്വര്‍ണവുമായി കാര്‍ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭോപ്പാലിലാണ് സംഭവം. ആദായനികുതി വകുപ്പും ലോകായുക്ത പൊലീസും നടത്തിയ പരിശോധനയിലാണ് കാര്‍ കണ്ടെത്തിയത്. ഇത്രയധികം സ്വര്‍ണവും പണവും കാട്ടില്‍ ഉപേക്ഷിച്ചത് രാഷ്ട്രീയക്കാരോ, സര്‍ക്കാര്‍ ജീവനക്കാരോ അതോ റിയല്‍ എസ്റ്റേറ്റ് മാഫിയകളോ എന്ന് തിരയുകയാണ് ഉദ്യോഗസ്ഥര്‍. 

40 കോടി രൂപ വിലമതിക്കുന്ന 52 കിലോ സ്വര്‍ണ ബിസ്കറ്റുകളാണ് കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഭോപ്പാല്‍ നഗരത്തില്‍ നിന്നും ദൂരെ മാറിയുള്ള മെന്ദോരി കാടിനുള്ളിലായിരുന്നു കാര്‍ കിടന്നിരുന്നത്. വനപാതയിലൂടെ സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കാടിനുള്ളില്‍ കാര്‍ കണ്ടെത്തിയതോടെ നൂറോളം പൊലീസുകാരും 30 പൊലീസ് വാഹനങ്ങളും പ്രദേശം വളഞ്ഞു. തിരച്ചിലില്‍ പക്ഷേ ഒരാളെപ്പോലും കണ്ടെത്താനായില്ല. 

മുന്‍ ആര്‍ടിഒ കോണ്‍സ്റ്റബിളായിരുന്ന സൗരഭ് ശര്‍മയുടെ സഹായി ചേതന്‍ ഗൗറിന്‍റേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി. ഗ്വാളിയാര്‍ സ്വദേശിയാണ് ചേതന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നയാളാണ് ശര്‍മ. എന്നാല്‍ കാറില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണവും പണവും ശര്‍മയുടേതാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ശര്‍മയുടെ ഭോപ്പാലിലെ വീട്ടില്‍ ലോകായുക്ത നടത്തിയ പരിശോധനയില്‍ ഒരു കോടിയിലേറെ പണവും അരക്കിലോ സ്വര്‍ണവും രത്നങ്ങളും വെള്ളിക്കട്ടികളും ആധാരങ്ങളും കണ്ടെടുത്തു. 

നഗരത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍ക്കിടയില്‍ ലോകായുക്തയും ആദായ നികുതി വകുപ്പും കഴിഞ്ഞ ദിവസങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടെന്നും ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. പലരില്‍ നിന്നുമായി സ്വര്‍ണവും പണവും ആധാരങ്ങളുമുള്‍പ്പടെ മൂന്ന് കോടിയോളം രൂപ വിലമതിക്കുന്നവ പിടിച്ചെടുത്തുവെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

52 kg of gold biscuits worth over ₹40 crore and ₹10 crore in cash have been seized in separate raids by the Income Tax Department and the Lokayukta Police in Bhopal from an abandoned car. The car was spotted in the Mendori forest on the city's outskirts, following inputs that gold was being transported via the forest route