പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവ് മരിക്കുമ്പോൾ പട്ടിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 50 മില്ലിയിൽ താഴെ വെള്ളത്തിൻറെ അംശം ആണ് വയറ്റിൽ ഉണ്ടായിരുന്നത്. സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത വിധം മാനസികമായി തകർന്ന നിലയിലായിരുന്നു അമ്മു എന്നാണ് കുടുംബത്തിൻറെ പരാതി. അത് ശരിവെക്കും വിധമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞമാസം 15ന് ആണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന് അമ്മു സജീവ് ചാടി മരിക്കുന്നത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ മാരക പരുക്കുകളും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

Read Also: മൂവർ സംഘം നിരന്തരം ശല്യപ്പെടുത്തി; മരണം നടന്ന അന്നും വഴക്ക്; അമ്മു ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ 3 വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തിരുന്നു.  മൊഴികളിലെ വൈരുധ്യം, ഫോൺ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ അമ്മുവിന്റെ സഹോദരൻ അഖിൽ സജീവ് അമ്മുവിന്റെ ചികിത്സാ കാര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീഴ്ചയുണ്ടായി എന്ന വിമർശനം ആവർത്തിച്ചു. ആശുപത്രിയിലെത്തിയ സമയം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും സഹോദരൻ പൊലീസിനോട് ആവശ്യപ്പെട്ടു.  തിരുവനന്തപുരത്തേക്കു റഫർ ചെയ്യാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. അന്ന് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ആരോ ബോധപൂർവം പറഞ്ഞതാണ് ഇക്കാര്യം. അമ്മുവിന്റെ പുസ്തകത്തിൽ ‘ഐ ക്വിറ്റ്’ എന്ന് എഴുതിയ കയ്യക്ഷരം സഹോദരിയുടേതല്ലെന്നും അല്ലെന്നും അഖിൽ ഉറപ്പിച്ചു പറയുന്നു.  ‘ഞാൻ അമ്മുവിന്റെ പുസ്തകവുമായാണ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. കയ്യക്ഷരത്തിൽ വ്യത്യാസമുണ്ട്. എപ്പോഴും ഫോൺ ലോക്ക് ചെയ്യുന്ന അമ്മുവിന്റെ ഫോൺ പൊലീസിന്റെ കയ്യിൽ കിട്ടുമ്പോൾ തുറന്ന നിലയിൽ ആയിരുന്നു. അതിലെ ചില കോൺടാക്ട് നമ്പറുകൾ ഡിലീറ്റ് ചെയ്തതായി സംശയം ഉണ്ട്’– അഖിൽ പറഞ്ഞു.പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതൊന്നും സഹപാഠികളായ ബാക്കി 6 പേരിൽ നിന്നുകൂടി വിവരങ്ങൾ ശേഖരിക്കണമെന്നും അമ്മുവിന്റെ അച്ഛൻ സജീവ് പറഞ്ഞു.‘

എന്തൊക്കെയോ തിരിമറികൾ നടന്നതായി സംശയമുണ്ട്. അപകടത്തിനു ശേഷം സംഭവിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും. ഇനി ഒരു കുട്ടിക്കും ഇത്തരത്തിലുള്ള ഗതികേട് ഉണ്ടാകരുത്. കോളജിലെ പ്രിൻസിപ്പൽ ഉൾപ്പെടെ 4 അധ്യാപകർ ഇന്നലെ എത്തിയിരുന്നു. ഞങ്ങൾ അമ്മുവിനോടൊപ്പം എന്ന് പറഞ്ഞാണ് അവർ മടങ്ങിയത്’ – കുടുംബം പറഞ്ഞു.