കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമായ മോക്ഷ ആയുർവേദ സ്പായുടെ ഉടമ രാജ്യത്തെ സെക്സ് റാക്കറ്റിന്റെ മുഖ്യകണ്ണി. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൃശൂർ സ്വദേശി പ്രവീണിനായി അന്വേഷണം ഊർജിതമാക്കി. കൊച്ചിയിൽ കൂടുതൽ ഇടങ്ങളിലും സംഘം അനാശാസ്യ കേന്ദ്രങ്ങൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
Read Also: പ്രവീണ്‍ സെക്സ് റാക്കറ്റിന്റെ മുഖ്യകണ്ണി; ‘കോൾ സെന്ററിന് സമാനമായ പ്രവർത്തനം’
സമൂഹമാധ്യമങ്ങളിലടക്കം പരസ്യം നൽകിയായിരുന്നു ഇടപാടുകൾ. വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലേറെ മലയാളി യുവതികളാണ് കേന്ദ്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യുവതികളെ എത്തിച്ച ആവശ്യകാർക്ക് കൈമാറിയിരുന്നതായും വിവരമുണ്ട്.
കോൾ സെന്ററിന് സമാനമായ പ്രവർത്തനത്തിലൂടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം പ്രവീൺ ഏകോപിപ്പിച്ചിരുന്നത്. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
കൊച്ചി നഗരത്തിൽ ആയുർവേദ സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്നു അനാശാസ്യ കേന്ദ്രത്തിനെതിരെ പൊലീസിന്റെ നടപടി. കലാഭവൻ റോഡിൽ പ്രവർത്തിച്ചിരുന്ന മോക്ഷ സ്പായിൽ നടത്തിയ മിന്നൽ പരിശോധനയിൽ പന്ത്രണ്ട് പേർ പിടിയിലായി. നഗരത്തിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമായ മോക്ഷ സ്പായിൽ മൂന്ന് മാസത്തിലേറെ നീണ്ട നിരീക്ഷണത്തിനൊടുവിലിരുന്നു നടപടി.
കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ എരുമേലി സ്വദേശി പ്രവീണും പിടിയിലായി. ഇടപാടുകാരായ മൂന്ന് പുരുഷന്മാരും എട്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം ഒന്നരകോടിയിലേറെ രൂപയാണ് ഇടപാടുകളിലൂടെ പ്രവീണിന്റെ അക്കൗണ്ടിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം സ്ത്രീകളെ എത്തിച്ചായിരുന്നു മോക്ഷയിലെ ഇടപാടുകൾ.
കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നലെ പിടിയിലായിരുന്നു. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും അനാശാസ്യ കേന്ദ്രത്തിന്‍റെ ലാഭ വിഹിതമായി ലക്ഷങ്ങള്‍ ലഭിച്ചിരുന്നു
കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഡ്രീംലാന്‍ഡ് റസിഡന്‍സിയെന്ന ലോഡ്ജില്‍ നിന്ന് ഉടമസ്ഥനും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയും പൊലീസ് പിടിയിലായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതില്‍ നിന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തേക്ക് വരുന്നത്. എ.എസ്.ഐ രമേശിനും സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷിനും അനാശാസ്യ കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക ലാഭത്തിന്‍റെ പങ്ക് ലഭിച്ചിരുന്നു. അറസ്റ്റിലായ ASI രമേശ് നേരത്തെയും അച്ചടക്ക നടപടി നേരിട്ടയാളാണ്.
അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. പിടിയിലായവരുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുകയാണ്.