ചെന്നൈ അണ്ണാ സർവകലാശാല ക്യാംപസില്‍ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായി. രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് രാത്രി ക്യാംപസില്‍ അതിക്രമത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പള്ളിയിൽനിന്ന് ക്യാംപസിലേക്ക് തിരിച്ചെത്തിയപ്പോൾ രണ്ടുപേര്‍ സുഹൃത്തിനെ മർദിച്ച് അവശനാക്കി, പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് വിവരം. ചെന്നൈയെ നടുക്കിയ സംഭവത്തില്‍ കോട്ടൂർപുരം പൊലീസ് കേസെടുത്തു.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയെന്ന പൊലീസിന്‍റെ വാദത്തിന്‍റെ തൊട്ടുപിന്നാലെയാണ് നഗരത്തെ നടുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം പള്ളിയില്‍ പാതിരാ കുര്‍ബാന കൂടിയതിനു ശേഷം മടങ്ങിവരുകയായിരുന്നു വിദ്യാര്‍ഥിനി.
ഇരുവരും കുറച്ചുനേരം ക്യാംപസിലെ ഒരിടത്ത് ഇരുന്നു. ആ സമയം അക്രമി സംഘം സീനിയറായ വിദ്യാര്‍ഥി ആക്രമിച്ചതിനു ശേഷം പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെയും സുഹൃത്തിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.