അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് വിഭാഗത്തില്‍പെട്ട യുവാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. അന്‍പത് വയസ്സുള്ള പഞ്ജ്റാം സാരഥി എന്ന ബുട്ടുവാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട ആക്രമണമാണ് നടന്നതെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ ഇത് ആള്‍ക്കൂട്ട ആക്രമണം അല്ല എന്ന നിലപാടിലാണ് പൊലീസ്.
ഛത്തീസ്ഗഡിലെ റായ്ഗര്‍ഗ് ജില്ലയിലാണ് സംഭവം. കേസില്‍ ആദിവാസി വിഭാഗത്തില്‍പെട്ട ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. വിരേന്ദ്ര സിദ്ദാര്‍ എന്ന അന്‍പതുകാരനും അജയ് പ്രധാന്‍ (42), അശോക് പ്രധാന്‍ (44) എന്നിവരുമാണ് പൊലീസ് പിടിയിലായത്. വിരേന്ദ്ര സിദ്ദാര്‍ പൊലീസില്‍ നല്‍കിയ മൊഴി ഇങ്ങനെ; ‘ഞായറാഴ്ച രാത്രി ഏകദേശം രണ്ടു മണിയോടടുത്ത് എന്തോ ശബ്ദം കേട്ടാണ് ഉണര്‍ന്നു നോക്കിയത്. അപ്പോള്‍ കണ്ടത് പഞ്ജ്റാം വീട്ടില്‍ കടന്ന് ഒരു ചാക്ക് അരി മോഷ്ടിക്കാന്‍ ശ്രമിക്കുന്നതാണ്. ഇത് കണ്ടപാടെ ശബ്ദമുണ്ടാക്കി അയല്‍ക്കാരെ കൂട്ടി. താനും അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരും ചേര്‍ന്ന് പഞ്ജ്റാമിലെ മരത്തോട് ചേര്‍ത്ത് ബന്ധിച്ചു’.
നേരം പുലര്‍ന്നപ്പോഴാണ് പൊലീസ് സംഭവസ്ഥലത്തെത്തുന്നത്. ധര്‍മപള്ളി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തലവനാണ് വിവരം പൊലീസില്‍ അറിയിച്ചതെന്നും അറിഞ്ഞയുടനെ സ്ഥലത്തെത്തിയെന്നും പൊലീസ് പറയുന്നു. പൊലീസ് സംഘം പുലര്‍ച്ചെ ആറു മണിയോടെ ഗ്രാമത്തിലെത്തി. പഞ്ജ്റാമിനെ മരത്തില്‍ ബന്ധിച്ച നിലയില്‍ തന്നെയായിരുന്നു, എന്നാല്‍ അയാള്‍ക്ക് ബോധമുണ്ടായിരുന്നില്ല. നാട്ടുകാര്‍ മുള വടികൊണ്ട് പഞ്ജ്റാമിനെ അടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം എന്നാണ് പൊലീസ് പറയുന്നത്.
പിടിയിലായ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. അഞ്ചോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് നടത്തിയ അക്രമമാണിതെന്നാണ് ആക്റ്റിവിസ്റ്റുകള്‍ ആരോപിക്കുന്നത്.