murder

TOPICS COVERED

സംസ്ഥാനത്ത് ഇന്നലെ രാത്രി നാല് യുവാക്കള്‍ കൊല്ലപ്പെട്ടു. തൃശൂര്‍ കൊടകരയില്‍ സംഘട്ടനത്തിനിടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. ആലുവ മണപ്പുറത്ത് ലഹരിസംഘത്തിന്‍റെ കുത്തേറ്റ് ഒരാളും ആലപ്പുഴ അരുക്കൂറ്റിയില്‍ വെട്ടേറ്റ്  മറ്റൊരാളും കൊല്ലപ്പെട്ടു. ചെറുതുരുത്തിയിലെ മോഷണക്കേസ് പ്രതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.

മദ്യലഹരിയിലുണ്ടായ അക്രമമാണ് കൊടകരയില്‍ രണ്ടുയുവാക്കളുടെ ജീവനെടുത്തത് . വട്ടേക്കാട് സ്വദേശികളായ 29കാരന്‍ സുജിത്തും 28കാരന്‍ അഭിഷേകുമാണ്  കൊല്ലപ്പെട്ടത്. സുജിത്തിന്‍റെ വീട്ടിൽ കയറി അഭിഷേകും സുഹൃത്ത് വിവേകും ആക്രമിക്കാൻ ശ്രമിച്ചു. സംഘട്ടനത്തിനിടെ മൂന്നുപേര്‍ക്കും കുത്തേറ്റു. ഗുരുതര പരുക്കേറ്റ സുജിത്തും അഭിഷേകും തൽക്ഷണം മരിച്ചു. വിവേക് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാലു വർഷം മുമ്പ് സുജിത്ത് , വിവേകിനെ കുത്തിയിരുന്നു. ഇതിന് പകരം വീട്ടാനായിരുന്നു ആക്രമണം. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ആലുവ മണപ്പുറത്ത് യുവാവിനെ ലഹരിസംഘം കത്രികകൊണ്ട്  കുത്തിക്കൊന്നത്. കോട്ടയം സ്വദേശി ജോസ്കുട്ടിയാണ് കൊല്ലപ്പെട്ടത്. ലഹരിക്കേസുകളിലടക്കം പ്രതികളായ  ഉളിയന്നൂര്‍ സ്വദേശി അരുണ്‍കുമാറും ഫിറോസുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.  തിരുവനന്തപുരത്തേക്ക് കടന്ന പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. 

സുഹൃത്തിന്‍റെ വീട്ടില്‍വച്ച് വെട്ടേറ്റാണ് ആലപ്പുഴ അരൂക്കുറ്റി വടുതലയിൽ 36കാരന്‍ റിയാസ്  മരിച്ചത്. ലഹരി മരുന്ന് ഉപയോഗിച്ച ശേഷം റിയാസ് മകളെ മര്‍ദിക്കുന്നത് ചോദ്യം ചെയ്യാനെത്തിയതായിരുന്നു ഭാര്യാപിതാവ് നാസറും മകന്‍ റെനീഷും. റിയാസുമായുള്ളസംസാരം വാക്കേറ്റത്തിലെത്തി. ഇതിനിടെയായിരുന്നു ആക്രമണം. നാസറിനെയും റെനീഷിനെയും പൊലിസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലപ്പെട്ട റിയാസ് ആലുവ സ്വദേശിയാണ് .  തൃശൂർ ചെറുതുരുത്തിയിലെ മോഷക്കേസ് പ്രതിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ  തെളിഞ്ഞു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെയാണ് നിലമ്പൂർ സ്വദേശി സൈനുൽ ആബിദിനെ കമ്പിവടി കൊണ്ട് മർദിച്ച് കൊന്നത്. ആറുപേരെ അറസ്റ്റ് ചെയ്തു. 

ENGLISH SUMMARY:

Four young men were killed in the state last night.