തനിക്കേറ്റവും നല്ല കഥാപാത്രങ്ങള്‍ നല്‍കിയ കഥാകാരനാണ് എംടി വാസുദേവന്‍ നായരെന്ന് നടന്‍ മോഹന്‍ലാല്‍. എംടിയുമായുണ്ടായിരുന്നത് വൈകാരികത നിറച്ച മികച്ച സ്നേഹബന്ധമെന്നും മോഹന്‍ലാല്‍. കോഴിക്കോട്ടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോട് കൂടിയാണ് മോഹന്‍ലാലെത്തിയത്.
മോഹന്‍ലാല്‍ എഫ്ബിയില്‍ പങ്കുവച്ച കുറിപ്പ്
മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ.. . എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും.
പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?
മലയാളത്തിന്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?
വേദനയോടെ, പ്രാർഥനകളോടെ...
കോഴിക്കോട്ടെ ആശുപത്രിയില്‍ രാത്രി പത്തുമണിയോടെയായിരുന്നു എംടിയുടെ അന്ത്യം സംഭവിച്ചത്. സംസ്കാരം വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. വൈകിട്ട് നാലുവരെ കൊട്ടാരം റോഡിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാം. സംസ്ഥാനത്ത് രണ്ടുദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. Also Read: ‘രണ്ടാമൂഴം’ഇല്ലാത്ത യാത്ര; പ്രിയ കഥാകാരന് മലയാളത്തിന്റെ അന്ത്യാഞ്ജലി
എം ടിയുടെ വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരം റോഡ് അടച്ചു. വൈകിട്ട് വരെ വാഹനങ്ങൾക്ക് പ്രവേശനം ഇല്ല. അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ വാഹനങ്ങൾ മറ്റ് ഇടങ്ങളിൽ പാർക്ക് ചെയ്ത ശേഷം വീട്ടിലേക്ക് എത്തണം.