തൃശൂർ കൊടകരയിൽ രണ്ടു യുവാക്കളെ കുത്തിക്കൊന്നു. ഒരാൾ ഗുരുതരാവസ്ഥയിൽ . നാലു വർഷം മുമ്പ് നടന്ന കത്തിക്കുത്തിൻറെ പകവീട്ടലായിരുന്നു കൊലയ്ക്കു കാരണം. കൊടകര വട്ടേക്കാട് സ്വദേശികളായ സുജിത്തും അഭിഷേകുമാണ് കൊല്ലപ്പെട്ടത്. സുജിത്തിന് ഇരുപത്തിയൊൻപതും അഭിഷേകിന് ഇരുപത്തിയെട്ടും വയസായിരുന്നു. വട്ടേക്കാട് സ്വദേശി വിവേകിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിവേകും സുജിത്തും തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നു.
നാലുവർഷം മുമ്പ് സുജിത്ത് വിവേകിനെ കുത്തിപരുക്കേൽപിച്ചിരുന്നു. ഇതിൻറെ പകവീട്ടാൻ വിവേകും അഭിഷേകും സുജിത്തിൻറെ വീട്ടിൽ എത്തി. സുജിത്തിനെ വിളിച്ചിറക്കി കുത്തി. സുജിത്തിൻറെ സഹോദരൻ കത്തിയെടുത്ത് അഭിഷേകിനേയും സുജിത്തിനേയും കുത്തി. ഇരുകൂട്ടരും തമ്മിൽ സംഘട്ടനമായി. കത്തികുത്തിൽ സുജിത്തും അഭിഷേകും കൊല്ലപ്പെട്ടു.
സുജിത്തിൻറെ സഹോദരനും കുത്തേറ്റു. പരുക്ക് ഗൗരവമുള്ളതല്ല. അതേസമയം, വിവേകിൻറെ പരുക്ക് ഗുരുതരമാണ്. അർധരാത്രിയോടെയായിരുന്നു സംഘട്ടനം. മദ്യലഹരിയിലായിരുന്നു ഇരുകൂട്ടരുമെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ടു പേർക്കെതിരെയും കൊലക്കുറ്റം ചുമത്തും. ഇരുകൂട്ടരുടേയും സുഹൃത്തുക്കൾ ഇതിന്റെ പേരിൽ ഏറ്റുമുട്ടാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ട്. നാലുവർഷം മുമ്പു നടന്ന കത്തിക്കുത്ത് പ്രാദേശികമായ തർക്കത്തിന്റെ പേരിലായിരുന്നു.