TOPICS COVERED

യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിൽ എം എൽ എയുടെ വാദങ്ങൾ തള്ളി FIR പകർപ്പ് പുറത്ത് . കേസിൽ ഒൻപതാം പ്രതിയാണ് യു പ്രതിഭയുടെ മകൻ കനിവ് . കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് FIR ൽ പറയുന്നു.

എക്സൈസ് ക്രൈം ഒക്കറൻസ് റിപ്പോർട്ട്   പുറത്തു വന്നതോടെ യു പ്രതിഭ എം എൽ എയുടെ വാദങ്ങൾ പൊളിഞ്ഞു. എക്സൈസ് സംഘം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും കഞ്ചാവ് പിടി കൂടിയിട്ടില്ലെന്നുമാണ് എം എൽ എയും മകനും ആവർത്തിച്ചിരുന്നത്. കേസിൽ ഒൻപതാം പ്രതിയാണ് എം എൽ എയുടെ മകൻ കനിവ് .

സംഘത്തിൽ നിന്ന് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന 500 മില്ലീ ലിറ്റർ  പുകയില മിശ്രിതം എന്നിവ കണ്ടെടുത്തതായി എക്സൈസ് റിപ്പോർട്ടിലുണ്ട്. കഞ്ചാവ് മിശ്രിതം ഉപയോഗിക്കുന്നതിന് തയാറാക്കിയ  കുപ്പി, പപ്പായ തണ്ട് എന്നിവ കണ്ടെത്തിയെന്നും ക്രൈം ഒക്കറൻസ് റിപ്പോർട്ടിൽ പറയുന്നു. നാട്ടുകാരായ രണ്ടു പേരെ സാക്ഷികളായും ചേർത്തിട്ടുണ്ട്.

NDPS ആക്ട് 27-ാം വകുപ്പ് പ്രകാരമാണ് കേസ്. ഇന്നലെ ഉച്ചയ്ക്കാണ് തകഴി പുലിമുഖം ബോട്ട് ജെട്ടിക്ക് സമീപം കഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരിക്കേ എം എൽ എയുടെ മകൻ കനിവ് അടക്കം 9 യുവാക്കളെ കുട്ടനാട് റേഞ്ച് എക്സൈസ് സംഘം പിടി കൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.  കണ്ടെത്തിയ കഞ്ചാവിൻ്റെ അളവ് കുറവായിരുന്നതിനാൽ ഇവരെ ജാമ്യത്തിൽ വിട്ടു.

മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക്‌ ലൈവിലൂടെ യു. പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു മനോരമ ന്യൂസിലൂടെയും ഈ വാദം ആവർത്തിച്ചു. മാധ്യമങ്ങൾ നൽകിയത് കള്ളവാർത്ത ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎ യുടെ മുന്നറിയിപ്പ്.

ENGLISH SUMMARY:

Ganja Case Against U Prathibha MLA's Son; FIR Out Now