വിവാഹാലോചന നിരസിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീടിന് മുന്നിൽ ജീവനൊടുക്കി യുവാവ്. ദേഹത്ത് കെട്ടിവച്ച ജെലാറ്റിന്‍ സ്റ്റിക് പൊട്ടിയാണ് യുവാവ് മരിച്ചത്. കര്‍ണാടക മണ്ഡ്യ നാഗമംഗലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവാവിന്റെ മാതാപിതാക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിനു കേസെടുത്ത മണ്ഡ്യ പൊലീസ് ജലാറ്റിന്‍ സ്റ്റിക്കിന്റെ ഉറവിടം കണ്ടെത്താന്‍ വ്യാപക അന്വേഷണം തുടങ്ങി.
മണ്ഡ്യ ജില്ലയിലെ കലെനഹള്ളി ഗ്രാമം ഇന്നലെ ഉണര്‍ന്നതു നടുക്കുന്ന സ്ഫോടന ശബ്ദം കേട്ടാണ്. കഴുത്തിനുതാഴേക്കു ഛിന്നഭിന്നമായ, രക്തത്തില്‍ കുളിച്ച ശരീരമാണു ഓടിക്കൂടിയവര്‍ കണ്ടത്. തൊട്ടടുത്തുള്ള ഗ്രാമമായ നാഗമംഗല സ്വദേശിയായ രാമചന്ദ്രയെന്ന 21കാരനാണു മരിച്ചതെന്നു വൈകാതെ കണ്ടെത്തി. യുവാവിന്റെ മൃതദേഹം കിടന്നിരുന്ന വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും ഒളിച്ചോടി. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് രാമചന്ദ്രയെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
മൂന്നുമാസം ജയിലില്‍ കഴിഞ്ഞ ഇയാള്‍ പുറത്തിറങ്ങിയതിനു പിറകെ ഇരുവീട്ടുകരും തമ്മില്‍ സംസാരിച്ചു കേസ് പിന്‍വലിച്ചിരുന്നു. പ്രണയം തുടരില്ലെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍ ഇരുവരും രഹസ്യമായി ബന്ധം തുടര്‍ന്നു. തുടര്‍ന്നു പെണ്‍വീട്ടുകാര്‍ മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ രാമചന്ദ്ര ദേഹത്തു ജലാറ്റിന്‍ സ്റ്റിക് കെട്ടിവച്ചു ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ വീടിനു മുന്നിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.