കുന്നംകുളം ആര്‍ത്താറ്റ് ആഭരണം തട്ടിയെടുക്കാന്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന ബന്ധുവിനു നേരെ ആക്രമണ ശ്രമം. തെളിവെടുപ്പിനായി കൊലയാളിയെ ആര്‍ത്താറ്റ് എത്തിച്ചപ്പോഴായിരുന്നു നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. 

മനസാക്ഷിയില്ലാത്ത കൊലയാളി കണ്ണനു നേരെയായിരുന്നു ഈ ആക്രമണ ശ്രമം. ഭാര്യയുടെ ചേച്ചിയെ കഴുത്തറുത്ത് കൊന്ന കൊലയാളി. ആര്‍ത്താറ്റ് സ്വദേശിനിയായ അന്‍പത്തിയ‍ഞ്ചുകാരി സിന്ധു ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. സിന്ധുവിന്‍റെ അനിയത്തിയുടെ ഭര്‍ത്താവാണ് കണ്ണന്‍. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് പണം വാങ്ങിയിരുന്നു. ജോലിയാണെങ്കില്‍ കൊടുക്കാനും പറ്റിയില്ല. നേരത്തെ ഗള്‍ഫിലായിരുന്നു കണ്ണന്‍. ഈ കടക്കെണിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് ചിന്തിച്ചപ്പോള്‍ ഭാര്യാ സഹോദരിയുടെ ആഭരണങ്ങളാണ് മനസില്‍ തെളിഞ്ഞത്. 

അങ്ങനെയാണ്, ഭാര്യാ സഹോദരിയെ കഴുത്തറുത്ത് കൊന്ന് സ്ഥലംവിട്ടത്. കുന്നംകുളം ആനായിക്കല്‍ റെഡ് ആന്‍റ് റെഡ്സ് ക്ലബ്ബിന്‍റെ പ്രവര്‍ത്തകര്‍ കണ്ണനെ കയ്യോടെ പിടികൂടുകയായിരുന്നു. തട്ടിയെടുത്ത ആഭരണങ്ങളുടെ കണ്ടെടുത്തിരുന്നു. അഞ്ചു പവന്‍റെ മാലയും ആറു വളകളുമായിരുന്നു തട്ടിയെടുത്തത്. നാട്ടുകാരുടെ രോഷപ്രകടനം കണക്കിലെടുത്ത് തെളിവെടുപ്പ് വേഗം പൂര്‍ത്തിയാക്കി പൊലീസ് മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട സിന്ധുവിന്‍റെ സംസ്കാരം നാളെ നടക്കും.

ENGLISH SUMMARY:

Locals attack suspect who killed relative for jewelry