ഇടുക്കി കുമളി സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഭിന്നശേഷിക്കാരനായ ആശുപത്രി ജീവനക്കാരന് മർദ്ദനമേറ്റു. നഴ്സിങ് അസിസ്റ്റന്റ് എംസി സന്തോഷിനാണ് മർദ്ദനമേറ്റത്. ആക്രമിച്ച ഒന്നാം മൈൽ സ്വദേശികളായ ആറ് പേരെ റിമാൻഡ് ചെയ്തു
കുമളി ഒന്നാംമൈൽ സ്റ്റാൻഡിലെ ഓട്ടോക്കാർ തമ്മിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വാക്കുതർക്കവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പരുക്കേറ്റ ഓട്ടോ ഡ്രൈവർമാരായ സുമോദ്, സുജിത്ത്, സുനീഷ് ഗോപി എന്നിവർ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരുക്കേറ്റവരുടെ മുറിവ് വെച്ചു കെട്ടുന്നതിനിടെ ആശുപത്രിയിലെത്തിയ ആറംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പരിക്കേറ്റവരെയും ഒപ്പമുള്ളവരെയും മർദ്ദിക്കുകയുമായിരുന്നു. ഇവർക്കിടയിലായിപ്പോയ നഴ്സിങ് അസിസ്റ്റന്റ് ഭിന്നശേഷിക്കാരനായ സന്തോഷിനും മർദ്ദനമേറ്റു.
ആക്രമണത്തിൽ ആശുപത്രിയിലെ സാധനസാമഗ്രികൾക്കും കേടുപാടു പറ്റി. ആശുപത്രി അധികൃതർ നൽകിയ പരാതിയിലാണ് ആറുപേർക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു