ആത്മഹത്യാകുറിപ്പ് എഴുതി വെച്ച് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ പോക്സോ കേസ് പ്രതി പിടിയിൽ . മലപ്പുറം മാളിയേക്കൽ സ്വദേശി മുഹമ്മദ് നാഫിയാണ് അറസ്റ്റിലായത്. പോക്സോ കേസിൽ വിചാരണ തുടരുന്നതിനിടെ മുങ്ങിയ പ്രതിയെ രണ്ട് മാസത്തിന് ശേഷമാണ് കാളികാവ് പൊലീസ് പിടികൂടിയത്.
രണ്ടുമാസം മുന്‍പാണ് മുഹമ്മദ് നാഫി വീടുവിട്ടത്. കടപ്പുറത്തെത്തി ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് വസ്ത്രങ്ങളടങ്ങിയ ബാഗ് കരയിലുപേക്ഷിച്ച് പോകുകയായിരുന്നു. കടലില്‍ച്ചാടി ആത്മഹത്യചെയ്തുവെന്നു വരുത്തി തീർക്കാനായിരുന്നു ശ്രമം. തുടര്‍ന്ന് ബേപ്പൂര്‍ പൊലീസ് തീരദേശ പൊലീസിന്റെ സഹായത്തോടെ കടലിലും തിരച്ചില്‍ നടത്തി. നാഫിയുടെ ഫോണില്‍നിന്ന് എറണാകുളത്തുള്ള ഒരു പെണ്‍സുഹൃത്തിന് അയച്ച എസ്.എം.എസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ആലപ്പുഴയില്‍നിന്നാണ് പ്രതിയെ പിടിച്ചത്. ഒളിവില്‍പ്പോയശേഷം വീട്ടുകാരുമായോ സുഹൃത്തുകളുമായോ ബന്ധപ്പെട്ടിരുന്നില്ല. നാഫി പ്രതിയായ പോക്‌സോ കേസിന്റെ വിചാരണ കോടതിയില്‍ അന്തിമഘട്ടത്തിലാണ്. കേസില്‍നിന്ന് രക്ഷപ്പെടാനാണ് ആത്മഹത്യാനാടകം ആസൂത്രണംചെയ്തതെന്ന് പൊലീസ് പറഞ്ഞു.