പുതുവര്‍ഷാഘോഷത്തിനായി റിസോര്‍ട്ടിലെത്തിയ പൊലീസുകാര്‍ മാനേജരെ അടിച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ ബാനിഘാട്ടിലാണ് സംഭവം. ചംബയിലെ നേച്ചര്‍ വാലി ഹോട്ടലിന്‍റെ ജനറല്‍ മാനേജരായിരുന്ന രജീന്ദര്‍ മല്‍ഹോത്ര (49)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനൂപ് കുമാര്‍, അമിത് കുമാര്‍ എന്നീ പൊലീസ് കോണ്‍സ്റ്റബിളുമാര്‍ അറസ്റ്റിലായി. അടിപിടിയില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിന് സാരമായ പരുക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയോടെ മൂന്ന് പൊലീസുകാര്‍ റിസോര്‍ട്ടിലെത്തിയെന്ന് ഉടമയുടെ പരാതിയില്‍ പറയുന്നു. പിന്നാലെ മദ്യവും ഭക്ഷണവും നല്‍കണമെന്ന് ആവശ്യപ്പെട്ടു. നേരം വൈകിയതിനാലും ഭക്ഷണം പാകം ചെയ്യുന്നവര്‍ പോയതിനാലും റിസോര്‍ട്ട് ജീവനക്കാരന്‍ പൊലീസുകാരോട് ഭക്ഷണവും മദ്യവുമില്ലെന്ന് അറിയിച്ചു. ഇതോടെ വാഗ്വാദമായി. ജീവനക്കാരനായ സച്ചിനെ പൊലീസുകാര്‍ മര്‍ദിക്കാന്‍ തുടങ്ങി. ബഹളം കേട്ട് ഓടിയെത്തിയതായിരുന്നു ജനറല്‍ മാനേജരായ രജിന്ദര്‍. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ രജിന്ദര്‍ ഇടയ്ക്ക് കയറിയതോടെ അദ്ദേഹത്തെയും പൊലീസുകാര്‍ അടിച്ചു. തുടര്‍ച്ചയായി അടിയേറ്റ രജീന്ദര്‍ മുകള്‍ നിലയില്‍ നിന്നും താഴേക്ക് വീണു. വീഴ്ചയുടെ ആഘാതമാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസുകാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും മറ്റ് ഹോട്ടല്‍ ജീവനക്കാരും തെരുവിലിറങ്ങി ചംബ– പത്താന്‍കോട്ട് ദേശീയപാത ഉപരോധിച്ചു. തുടര്‍ന്നാണ് പൊലീസ് കോണ്‍സ്റ്റബിളുമാരെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തി. പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് അക്രമം അഴിച്ചുവിട്ടതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുറ്റക്കാരായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തുവെന്നും വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും ചംബ എസ്.പി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണച്ചുമതല.