അമേരിക്കയെ ഞെട്ടിച്ച് പുതുവല്‍സരാഘോഷങ്ങള്‍ക്കിടെ രണ്ടിടത്ത് അക്രമങ്ങള്‍. ന്യൂ ഓര്‍ലിയന്‍സില്‍ ട്രക്ക് ഇടിച്ചുകയറ്റി കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. ലാസ് വേഗസില്‍ ട്രംപിന്റെ ഹോട്ടലിനു മുന്നില്‍ ഇലോണ്‍ മസ്കിന്റെ കമ്പനിയുടെ ടെസ്‌ല സൈബര്‍ട്രക് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ന്യൂ ഓര്‍ലിയന്‍സിലേത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധം അന്വേഷിക്കുമെന്ന് അറിയിച്ചു.
അമേരിക്കയിലെ ന്യൂ ഓർലിയൻസില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ട്രക്ക് പാഞ്ഞുകയറ്റിയുണ്ടായ ആക്രമണത്തില്‍ പ്രതിയായ ഡ്രൈവര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പിന്തുടരുന്നവനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. യുഎസ് ആര്‍മിയില്‍ മുന്‍പ് സേവനമനുഷ്ടിച്ച ടെക്സസ് സ്വദേശിയായ യുഎസ് പൗരന്‍ ഷംസുദ് ദിന്‍ ജബ്ബാര്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ട്രക്കില്‍ നിന്ന് ഐ.എസ് പതാകയും പൈപ്പ് ബോംബുകളടക്കം സ്ഫോടകവസ്തുക്കളും കണ്ടെത്തി. ഇത് സ്ഥാപിച്ചത് മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമെന്നതിന് തെളിവായി ദൃശ്യങ്ങളും ലഭിച്ചു. അക്രമത്തിനു മുന്‍പ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ലാസ് വേഗസില്‍ ട്രംപിന്റെ ഹോട്ടലിനു മുന്നില്‍ ടെസ്‌ല സൈബര്‍ട്രക് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. പതിനഞ്ചോളംപേര്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും ഇലോണ്‍ മസ്ക് വ്യക്തമാക്കി.