മലപ്പുറം കരിപ്പൂർ എയർപോർട്ടിൽ ഉംറ തീർഥാടകന് ക്രൂര മർദനം. ടോൾ പ്ലാസയിൽ അമിതമായി ടോൾ പിരിച്ചത് ചോദ്യം ചെയ്തിന് ജീവനക്കാർ ചേർന്ന് മർദിച്ചു എന്നാണ് വള്ളുമ്പ്രം സ്വദേശി റാഫിദിന്റെ പരാതി.
ഉംറ കഴിഞ്ഞു ഇന്നലെ രാവിലെയാണ് റാഫിദും ഉമ്മയും കരിപ്പൂർ എയർ പോർട്ടിൽ എത്തിയത്. മുപ്പതു മിനിറ്റിനുള്ളിൽ ടോൾ പ്ലാസയ്ക്ക് വെളിയിലിറങ്ങി. എന്നാൽ ഒരു മണിക്കൂറിന്‍റെ ചാർജാണ് ടോൾ പ്ലാസ ജീവനക്കാർ ആവിശ്യപെട്ടത്. പണം നൽകാതായതോടെ ജീവനക്കാരുമായി വാക്കുതര്‍ക്കമായി. വാക്ക് തർക്കം മൂർച്ഛിച്ചതോടെ മറ്റൊരു ജീവനക്കാരനെത്തി അരമണിക്കൂറിന്‍റെ പണം നൽകിയാൽ മതി എന്ന് പറഞ്ഞു. പണം നൽകി മടങ്ങുമ്പോൾ ടോൾ പ്ലാസ ജീവനക്കാരുടെ നടപടി റാഫിദ് വീണ്ടും ചോദ്യം ചെയ്തു. തുടർന്നാണ് സംഘർഷം ഉണ്ടായത്.
ജീവനക്കാർ ചേർന്ന് അടിച്ചു പരുക്കേൽപ്പിച്ചു എന്നാണ് പരാതി. പരുക്കേറ്റ റാഫിദ് കൊണ്ടോട്ടി ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കരിപ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.