ചേച്ചിയോട് കൂടുതല്‍ സ്നേഹം കാണിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ അമ്മയെ കുത്തിക്കൊന്ന് മകള്‍. മുംബൈയിലാണ് സംഭവം. 41 കാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കൊലപ്പെടുത്തിയത്. അമ്മയ്ക്ക് തന്നെക്കാള്‍ സ്നേഹം ചേച്ചിയോടാണെന്ന് തെറ്റിധരിച്ചു, ഇത് അമ്മയോടുള്ള പകയ്ക്ക് കാരണമായി.
മൂന്നു പെൺമക്കളാണ് സാബിറയ്ക്കുള്ളത്. ഇതിൽ ഏറ്റവും ഇളയവളായ രേഷ്മയാണ് കൊല നടത്തിയത്. മകനോടൊപ്പമാണ് അമ്മ സാബിറ താമസിച്ചിരുന്നത്. അവിടെ നിന്ന് മകളെ കാണാന്‍ പോയപ്പോഴാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം രൂക്ഷമായപ്പോള്‍ രേഷ്മ അടുക്കളയില്‍ നിന്ന് കറിക്കത്തി കൊണ്ടുവന്ന് അമ്മയെ കുത്തുകയായിരുന്നു.
കൃത്യത്തിനു ശേഷം രാത്രി 8 മണിയോടെ സഹോദരന്‍ അക്തറിനെ രേഷ്മ വിവരങ്ങള്‍ അറിയിച്ചു. പിന്നീട് മറ്റൊരു സഹോദരിയായ സൈനബിയെയും വിളിച്ച് കാര്യങ്ങള്‍ വെളിപ്പെടുത്തി. വീട്ടിലെത്തിയ സഹോദരി രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെയാണ് കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 2021ലും ഇത്തരത്തില്‍ വഴക്കുണ്ടായിട്ടുളളതായി സഹോദരി മൊഴി നല്‍കി. സാബിറയുടെ മൃതദേഹം രാജവാഡി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ പ്രതി പൊലീസില്‍ കീഴടങ്ങി.