കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ട്. കേടായ ഐ ഫോണ്‍ നന്നാക്കാന്‍ നല്‍കിയെങ്കിലും 15,000 രൂപ നല്‍കാന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കടക്കാരന്‍റെ കൈവശം തന്നെയാണ് കാംബ്ലിയുടെ മൊബൈല്‍ ഫോണുള്ളതെന്നും കഴിഞ്ഞ ആറുമാസമായി മൊബൈല്‍ ഫോണ്‍ ഇല്ലാതെയാണ് കഴിയുന്നതെന്നുമാണ് റിപ്പോര്‍ട്ട്. മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നു കാംബ്ലി. ആരോഗ്യനില ഭേദപ്പെട്ടതോടെ ഇന്നലെ വീട്ടിലെത്തിയിരുന്നു.
കാംബ്ലിയുടെ സ്ഥിതി അറിഞ്ഞ മുന്‍താരങ്ങള്‍ അദ്ദേഹത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. 5 ലക്ഷം രൂപ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി സംഭാവനയായി നല്‍കി. മാസം 30,000 രൂപ വീതം ബിസിസിഐ പെന്‍ഷന്‍ ഇനത്തിലും നല്‍കി വരുന്നുണ്ട്. എന്നാല്‍ താമസിക്കുന്ന വീടിന്‍റെ മെയിന്‍റനന്‍സ് ഇനത്തില്‍ 18 ലക്ഷം രൂപ കുടിശികയാണെന്നും ഇത് നല്‍കാത്തതിനെ തുടര്‍ന്ന് വീട് നഷ്ടമാകുന്ന അവസ്ഥയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ ആന്‍ഡ്രിയ വെളിപ്പെടുത്തി.
മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കാംബ്ലി തന്‍റെ പുതുവല്‍സര സന്ദേശത്തിലൂടെ ആളുകളോട് ആവശ്യപ്പെട്ടിരുന്നു.കാംബ്ലി നിലവില്‍ പൂര്‍ണ ആരോഗ്യവാനാണെന്നും എന്നിരുന്നാലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും കുടുംബം അറിയിച്ചു. ആശുപത്രിയില്‍ ഇന്ത്യന്‍ ടീമിന്‍റെ ജഴ്സിയുമണിഞ്ഞ് നില്‍ക്കുന്ന കാംബ്ലിയുടെ ചിത്രം നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.