ലഹരി വാങ്ങാനുള്ള പണം നല്‍കാത്തതിന് അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കഥ കൂസലില്ലാതെ പൊലീസിനോട് വിവരിച്ച് കൊല്ലം സ്വദേശി അഖില്‍. താന്‍ അനാഥനാണെന്നായിരുന്നു അഖിലിന്‍റെ അവകാശവാദം. ലഹരി ഉപയോഗത്തില്‍ മാത്രമായിരുന്നു അഖിലിന്‍റെ ആനന്ദമെന്നും പൊലീസ് പറയുന്നു. അമ്മ പുഷ്പലതയെ അതിക്രൂരമായാണ് അഖില്‍ കൊലപ്പെടുത്തിയത്.
ഓഗസ്റ്റ് 16–ാം തീയതി രാവിലെ ലഹരി മരുന്ന് വാങ്ങാന്‍ ഒരുലക്ഷം രൂപ അഖില്‍ അമ്മയോട് ആവശ്യപ്പെട്ടു. വഴക്ക് തീവ്രമായതോടെ പുഷ്പലത പൊലീസില്‍ വിവരമറിയിച്ചു. വീട്ടിലെത്തിയ പൊലീസ് അഖിലിനെ ശാസിച്ചാണ് മടങ്ങിയത്. ഇതില്‍ കുപിതനായാണ് അമ്മയെ വകവരുത്തിയതെന്നാണ് അഖില്‍ വെളിപ്പെടുത്തിയത്. ഉച്ചയോടെ അകത്തെ മുറിയില്‍ കിടന്നുറങ്ങിയ പുഷ്പലതയുടെ പിതാവ് ആന്‍റണിയെ ചുറ്റികയ്ക്ക് അഖില്‍ അടിച്ചു വീഴ്ത്തി. മരണം ഉറപ്പിച്ച ശേഷം അടുക്കളയില്‍ കയറി ഓംലറ്റ് ഉണ്ടാക്കി കഴിച്ചു. കുറച്ച് സമയം കഴിഞ്ഞതോടെ ജോലിക്ക് പോയിരുന്ന പുഷ്പലതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം അമ്മയുടെ തലയ്ക്കും ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു. പിന്നാലെ ഉളികൊണ്ട് പലവട്ടം കുത്തി. മരിക്കാതിരുന്നതോടെ മുഖത്ത് തലയണകൊണ്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കൃത്യത്തിന് ശേഷം ടിവി ഉറക്കെ ശബ്ദത്തില്‍ വച്ചും പാട്ടുകേട്ടും ഇരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. വൈകിട്ട് ആറുമണിയോടെ അമ്മയുടെ മൊബാല്‍ ഫോണും എടിഎം കാര്‍ഡുമായി അഖില്‍ നാടുവിടുകയും ചെയ്തു.
നാല് വര്‍ഷം മുന്‍പും താന്‍ അമ്മയെ വകവരുത്താന്‍ നോക്കിയിട്ടുണ്ടെന്നും അഖില്‍ മൊഴി നല്‍കി. മൊബൈല്‍ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കാതെയാണ് അഖില്‍ ജീവിച്ചിരുന്നത്. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണ് അഖിലിനുള്ളത്. ഇംഗ്ലിഷും ഹിന്ദിയും അത്യാവശ്യം കൈകാര്യം ചെയ്യുന്നതിനാല്‍ ഡല്‍ഹിയില്‍ പലയിടത്തും ജോലി ചെയ്ത് ലഹരിക്കുള്ള പണം കണ്ടെത്തി. പിന്നാലെയാണ് ജമ്മുകശ്മീരിലേക്ക് കടന്നത്. അനാഥനെന്ന് പറഞ്ഞാണ് ഇവിടെ താമസിച്ചതെന്നും കുണ്ടറ പൊലീസ് കണ്ടെത്തി. ശ്രീനഗറില്‍ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നുമാണ് ഒടുവില്‍ അഖില്‍ പൊലീസിന്‍റെ പിടിയിലായത്.