akhil-kumar-who-committed-a

കൊല്ലത്ത് ലഹരിക്ക് അടിമയായി ആവശ്യപ്പെട്ട പണം ലഭിക്കാത്തതിന് അമ്മയെയും മുത്തച്ഛനെയും കൊന്ന ഇരുപത്തിയാറുകാരനെ ജമ്മുകശ്മീരില്‍ നിന്ന് പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. കുണ്ടറ പടപ്പക്കരയിലെ ഇരട്ടക്കൊലപാതകക്കേസ് പ്രതി അഖില്‍കുമാറിനെ അതിസാഹസീകമായാണ് പിടികൂടിയത്. അനാഥനാണെന്ന് പറഞ്ഞായിരുന്നു പ്രതി പലയിടങ്ങളിലും ഒളിവില്‍ താമസിച്ചത്.  

 

അമ്മ പുഷ്പലതയെയും മുത്തച്ചന്‍ ആന്‍റണിയെയും കൊലപ്പെടുത്തിയതിന് യാതൊരു കുറ്റബോധവുമില്ല. പൊലീസ് പലപ്പോഴായി ചോദ്യം ചെയ്തിട്ടും വളരെ കൂളാണ് അഖില്‍കുമാര്‍. അനാഥനാണെന്ന് പറഞ്ഞാണ് ഡല്‍ഹിയിലും ജമ്മുകശ്മീരിലുമൊക്കെ താമസിച്ചത്. ഇംഗ്ളീഷും ഹിന്ദിയുമൊക്കെ അത്യാവശ്യം അറിയാവുന്നതുകൊണ്ട് ഹോട്ടലുകളിലും വീടുകളിലുമൊക്കെ ജോലി ചെയ്ത് പണം ഉണ്ടാക്കി. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഒരു വീട്ടില്‍ നിന്നാണ് കുണ്ടറ പൊലീസ് അഖിലിനെ കഴിഞ്ഞദിവസം പിടികൂടിയത്. 

നാലുവര്‍ഷം മുന്‍പും അമ്മയെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി അഖില്‍ പൊലീസിനോട് വെളിപ്പെടുത്തി. നാട്ടില്‍ ആരുമായും അത്ര അടുപ്പമില്ലായിരുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുക, ലഹരി ഉപയോഗിക്കുക ഇതുമാത്രമായിരുന്നു അഖിലിന്റെ ജീവിതം. ഒാഗസ്റ്റ് പതിനേഴിന് രാവിലെയാണ് കൊലപാതകം പുറംലോകം അറിഞ്ഞതെങ്കിലും തലേദിവസം പതിനാറിന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാണ് കൊലപാതകം നടത്തിയതെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു.

അന്ന് ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയുമായി രാവിലെ വഴക്കുണ്ടായി. അമ്മ പൊലീസില്‍ അറിയിക്കുകയും പൊലീസ് വീട്ടിലെത്തി അഖിലിനെ താക്കീത് ചെയ്യുകയും ചെയ്തു. അതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. കിടപ്പുമുറിയില്‍ കിടന്നിരുന്ന പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ ചുറ്റികകൊണ്ടാണ് അടിച്ച് വീഴ്ത്തിയത്. ഇതിന് ശേഷം ഒാംലറ്റ് തയാറാക്കി കഴിച്ചു. തുടര്‍ന്ന് ജോലിക്ക് പോയിരുന്ന അമ്മ പുഷ്പലതയെ വിളിച്ചുവരുത്തി. മുറിയിലേക്ക് വലിച്ചിഴച്ച് അമ്മയുടെ തലയ്ക്കും ചുറ്റിക കൊണ്ട് അടിച്ചു. ഉളി കൊണ്ട് പലവട്ടം കുത്തി. മരണം ഉറപ്പാക്കാന്‍ തലയിണകൊണ്ട് അമര്‍ത്തി. ഇതിന് ശേഷം വീട്ടിലെ ടിവി കണ്ടും പാട്ടു കേട്ടും ആസ്വദിച്ചു. ആറുമണിയോടെ വീടുവിട്ടിറങ്ങിയ അഖില്‍ അമ്മയുടെ മൊബൈല്‍ഫോണും എടിഎം കാര്‍ഡുമായാണ് പോയത്. പ്ളസ്ടു പാസായിട്ടില്ല. എല്ലാത്തരം ലഹരിയും ഉപയോഗിച്ചായിരുന്നു ജീവിതം.   

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാതെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന അഖില്‍ ജമ്മുകശ്മീരില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ശ്രീനഗറില്‍ ജോലി സ്ഥലത്തുളളരുടെ മൊബൈല്‍ഫോണ്‍ വാങ്ങി തന്നെ പൊലീസ് അന്വേഷിക്കുന്നുണ്ടോയെന്ന വാര്‍ത്തകളൊക്കെ നോക്കിയിരുന്നു. പല ഘട്ടങ്ങളിലായി അഞ്ച് പൊലീസ് സംഘങ്ങളാണ് അഖിലിനെ പിടികൂടാന്‍ അന്വേഷണം നടത്തിയതെന്ന് റൂറല്‍ എസ്.പി അറിയിച്ചു

ENGLISH SUMMARY:

A 26-year-old man, Akhil Kumar, who committed a double murder in Kundra Padappakkara, was arrested by the police in Jammu and Kashmir and brought back to his hometown. He had murdered his mother and grandfather after not receiving money to feed his addiction.