തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ മുപ്പത്തിയഞ്ചുകാരി ദേവകിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി സ്ഥലംവിട്ട പ്രതി ബാബുവിനെ 14 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. ഭിന്നശേഷിക്കാരനുള്ള കേന്ദ്ര സർക്കാർ പെൻഷൻ പുതുക്കാൻ എത്തിയപ്പോള്‍ കോട്ടയത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ ബാബു 1999 ലാണ് ദേവകിയെ വിവാഹം ചെയ്ത്. രണ്ട് വര്‍ഷത്തിന് ശേഷം ഭാര്യ വെട്ടിക്കൊന്ന് ആറു പവന്‍റെ ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു.
1999ൽ കൊരട്ടിയിൽ ധ്യാനം കൂടാൻ വന്നതായിരുന്നു ആലപ്പുഴ സ്വദേശി ബാബു. തിരുമുടിക്കുന്നിലെ ചായക്കടയിൽ സ്ഥിരമായി ചായ കുടിക്കാൻ വരുമായിരുന്നു. ചായക്കടക്കാരന്‍റെ സഹോദരിയായ ദേവിയെ വിവാഹം കഴിച്ച് കൊരട്ടിയിൽതന്നെ താമസം തുടങ്ങി. നേരത്തെ കഴിച്ച രണ്ടു വിവാഹം മറച്ചുവച്ചായിരുന്നു ദേവകിയുമായുള്ള വിവാഹം. 2001 ഒക്ടോബറിലാണ് ദേവകിയെ വെട്ടിക്കൊന്നത്.
കൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷം 2009 ലാണ് ആലപ്പുഴ മാരാരിക്കുളം പൊലീസ് പിടികൂടുന്നത്. രണ്ടു വർഷം ജയിലിൽ കഴിഞ്ഞ് 2011ൽ ജാമ്യത്തിലിറങ്ങിയ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു. അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിനാലാണ് ഭിന്നശേഷിക്കാരനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിമാസ പെൻഷൻ ലഭിച്ചത്. ഇതു പുതുക്കാൻ മസ്റ്ററിങ്ങിനായി കോട്ടയത്തെ ഓഫിസിൽ വരുമ്പോഴായിരുന്നു കൊരട്ടി പൊലീസ് പിടികൂടിയത്.
കൊലയാളി ഒളിവിലായതിനാൽ വിചാരണയും നീണ്ടുപോയി. ദേവകിയുടെ പേരിലുള്ള ആറു സെൻറ് ഭൂമി തട്ടിയെടുക്കാനും പദ്ധതിയുണ്ടായിരുന്നു. അറസ്റ്റിലായ ശേഷം പതിനാലു വർഷത്തെ ഒളിവു ജീവിതത്തെ കുറിച്ച് അത്ര വിശദമായി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. വീണ്ടും എത്ര വിവാഹം കഴിച്ചെന്നും വ്യക്തമല്ല.