സ്വന്തം സഹോദരിയെ അമ്മ കൂടുതല്‍ സ്നേഹിക്കുന്നുവെന്ന അസൂയയില്‍ പ്രായമായ അമ്മയെ കുത്തിക്കൊലപ്പെടുത്തി നാല്‍പ്പത്തിയൊന്നുകാരി. മുംബൈയിലാണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് കുർള ഈസ്റ്റിലെ ഖുറേഷി നഗറിൽ താമസിക്കുന്ന എഴുപത്തിയൊന്നുകാരി സാബിറ ബാനു ഷെയ്ഖ് കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് മകൾ രേഷ്മ മുഫർ ഖാസി സാബിറയുമായി വഴക്കുണ്ടാക്കിയതായി പൊലീസ് പറഞ്ഞു. പിന്നാലെ സ്വന്തം അമ്മയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് രേഷ്മ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സാബിറയ്ക്ക് വയറ്റിലും നെഞ്ചിലും കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തേറ്റതായി പൊലീസ് പറയുന്നു.
സ്വന്തം അമ്മ തന്‍റെ മൂത്ത സഹോദരിയെ കൂടുതല്‍ സ്നേഹിക്കുന്നതായി രേഷ്മ കരുതിയിരുന്നെന്നും ഇതില്‍ രേഷ്മയ്ക്ക് സഹോദരിയോട് അസൂയ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി ചുനഭട്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ രേഷ്മയെ കസ്റ്റഡിയിലെടുത്തു.