ranjini-1

ജനിച്ചുവീണ് 16–ാം ദിനം കൊല്ലപ്പെട്ട ഇരട്ടക്കുഞ്ഞുങ്ങള്‍. ആ കുഞ്ഞുങ്ങളും അമ്മയും അഞ്ചലിന്‍റെ തീരാനോവാണ്. പിതൃത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് ഉത്തരവാദിയായ സൈനികന്‍ പിന്മാറിയതോടെ എന്തുചെയ്യും എന്നറിയാതെ നിന്ന അവര്‍ വനിതാ കമ്മീഷനെ സമീപിച്ചു. നീതി കാത്തിരിക്കുമ്പോള്‍ മുന്നില്‍ കാലന്‍റെ രൂപത്തില്‍‌ അവതരിച്ചത് മറ്റൊരു സൈനികന്‍.

അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയും ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തില്‍ 19 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികള്‍ പിടിയിലായി. പുറത്തുവരുന്നത് ചോര മരവിപ്പിക്കുന്ന സത്യങ്ങളും. ഇത്രയും കാലം ഇവരെങ്ങനെ ഒളിവില്‍ കഴിഞ്ഞു എന്നത് അത്ഭുതപ്പെടുത്തുകയാണ്. ദിവില്‍ കുമാര്‍ എന്ന സൈനികന്‍ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് രഞ്ജിനിയുടെ അമ്മ പറയുന്നത്. സംഭവം പുറത്തുപറയരുത്, വേണ്ടത് എന്താണെന്നുവച്ചാല്‍ ചെയ്യാം എന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ രഞ്ജിനി ഗര്‍ഭിണിയായതോടെ ദിവില്‍ കുടുങ്ങി.

ALSO READ; മക്കള്‍ അച്ഛനില്ലാതെ വളരരുത്; ചോരക്കുഞ്ഞുങ്ങളെയും രഞ്ജിനിയേയും കൊന്നുതള്ളാന്‍ കാരണം

accused

പ്രതികളായ രാജേഷും ദിവിന്‍ കുമാറും.

കുഞ്ഞുങ്ങളുടെ പിതൃത്വം ദിവില്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി രഞ്ജിനി വനിതാ കമ്മീഷനെ സമീപിച്ചു. പരാതി പ്രകാരം സൈനികനെ ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിച്ച് പിതൃത്വപരിശോധനയ്ക്കു വിധേയമാക്കണമെന്ന് വനിതാ കമ്മിഷന്‍ ഉത്തരവുമിട്ടു. എന്നാല്‍ ദിവില്‍കുമാര്‍ ഹാജരായില്ല. പകരം രഞ്ജിനിയെയും കുഞ്ഞുങ്ങളെയും എങ്ങനെ ഒഴിവാക്കാം എന്ന വഴിതേടി. കൂട്ടുകാരന്‍ രാജേഷ് കൊലപാതകം തന്നെ വഴിയെന്ന് പറഞ്ഞ് എല്ലാത്തിനും ചുക്കാന്‍ പിടിച്ച് കൂടെനിന്നു.

2006 ജനുവരി 24-ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വച്ച് രഞ്ജിനി രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കി. ഇതിനിടെ രാജേഷ് രഞ്ജിനിയെയും അമ്മയെയും കണ്ടു. അവരുടെ വിശ്വാസം പിടിച്ചുപറ്റി. രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി. ദിവിലിന്‍റെ കൂട്ടുകാരനാണ്, എന്തുവന്നാലും ദിവിലും രഞ്ജിനിയും തമ്മിലുള്ള വിവാഹം നടത്തും എന്ന വാഗ്ദാനവും നല്‍കി കൂടെക്കൂടി. എന്നാല്‍ കൊടുംചതിയാണ് അയാള്‍ ചെയ്തത്.

 

അനില്‍കുമാര്‍ എന്ന പേരിലാണ് രാജേഷ് ഇവരെ പരിചയപ്പെട്ടത്. രഞ്ജിനിയെയും കുഞ്ഞുങ്ങളെയും വാടകവീട്ടിലേക്ക് മാറ്റാമെന്ന് നിര്‍ദേശിച്ചതും ഇയാളാണ്. കൊല നടന്ന അന്ന് രാജേഷ് രഞ്ജിനി താമസിച്ചിരുന്ന വാടകവീട്ടിലെത്തി. രഞ്ജിനിയും കുഞ്ഞുങ്ങളും ഒറ്റയ്ക്കായ തക്കംനോക്കി കൊല നടത്തി. രഞ്ജിനിയുടെ അമ്മ ശാന്തമ്മ വീട്ടിലേക്ക് ഒരാവശ്യത്തിന് പോയതായിരുന്നു. 

രാവിലെ കുഞ്ഞുങ്ങളെ കുളിപ്പിച്ചു കിടത്തി പോയതാണ് ശാന്തമ്മ. തിരികെ വന്നപ്പോള്‍ കണ്ടത് തലയറ്റ് ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞുദേഹങ്ങളും ജീവനറ്റ സ്വന്തം മകളെയും. രഞ്ജിനിയുടെ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇരട്ടക്കുഞ്ഞുങ്ങളുടെ കഴുത്തറ്റനിലയിലും. അത് ചെയ്തത് രാജേഷെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജനനത്തിന് മുന്‍പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് മൊഴിയിലുള്ളത്. വാടക വീട്ടിലേക്ക് മാറ്റിയതും ആസൂത്രണത്തോടെയെന്ന് മുഖ്യപ്രതി ദിവില്‍ കുമാര്‍ മൊഴി നല്‍കി. 

കൊലയ്ക്കു ശേഷം രാജ്യം മുഴുവന്‍ ഇവര്‍ കറങ്ങി നടന്നു. പൊലീസും പിന്നാലെയുണ്ടായിരുന്നു. ലുക്ക് ഔട്ട് നോട്ടീസിറക്കി. പ്രതികളെ പിടികൂടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചു. പക്ഷേ പ്രതികളെ പിടികൂടാനായില്ല. 2008 ൽ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ഇരുവരും താമസം ആരംഭിച്ചു. സിബിഐ അന്വേഷണം അവസാനിപ്പിച്ചുവെന്ന നിഗമനത്തില്‍ ഇരുവരും സ്കൂള്‍ അധ്യാപികമാരായ രണ്ടുപേരെ വിവാഹം കഴിച്ചു. 19 വര്‍ഷങ്ങള്‍ക്കു ശേഷം പക്ഷേ പിടിക്കപ്പെട്ടു.

ENGLISH SUMMARY:

Mother and twin babies killed by army officers in Kollam Anchal. Accused caught after long 19 years of search.