നിരന്തരമായ ബലാല്‍സംഗത്തിന് പിന്നാലെ പരാതിയുമായി വന്ന പെണ്‍കുട്ടിയോട് പ്രതിയെ വിവാഹം കഴിക്കാന്‍ ഉപദേശിച്ച് യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ കോത്വാലിയില് കഴിഞ്ഞ വര്‍ഷം നടന്ന സംഭവം പെണ്‍കുട്ടി വീണ്ടും പരാതിയുമായി രംഗത്തുവന്നതോടെയാണ് പുറത്തറിയുന്നത്. 19 വയസുള്ള പെണ്‍കുട്ടിയെയാണ് സാജിദ് അലി എന്ന 35കാരന്‍ നിരന്തരം ബലാല്‍സംഗം ചെയ്തുകൊണ്ടിരുന്നത്.
സാജിദ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വീട് സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നുവെന്ന് എസ്.പി മീനാക്ഷി കത്യായന്‍ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായ സമയത്ത് ഇയാള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇതിന്‍റെ വിഡിയോയും പ്രതി ചിത്രീകരിച്ചിരുന്നു. പരാതി പറയുമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ വിഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് സാജിദ് ഭീഷണിപ്പെടുത്തി. ഭീഷണി ഭയന്ന് പെണ്‍കുട്ടി വിവരം മാതാപിതാക്കളോട് പോലും പറഞ്ഞിരുന്നില്ല. പിന്നീട് നിരന്തരം സാജിദ് ബലാല്‍സംഗം തുടര്‍ന്നതോടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ശാരീരിക മാറ്റം കണ്ട് മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി പറയാന്‍ പോയെങ്കിലും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നത് ചൂണ്ടിക്കാട്ടി പ്രതിയെ വിവാഹം കഴിക്കാനാണ് പൊലീസ് നിര്‍ബന്ധിച്ചത്. തുടര്‍ന്ന് ശരിയായ വിധത്തില്‍ അന്വേഷണം നടത്താതെ പെണ്‍കുട്ടിയുടെ എതിര്‍പ്പ് മറികടന്ന് സാജിദുമായി വിവാഹം നടത്തി. എന്നാല്‍ ഒക്ടോബറില്‍ സാജിദിന് മറ്റൊരു ഭാര്യയുണ്ടെന്ന് പെണ്‍കുട്ടി മനസിലാക്കി. നവംബറില്‍ പെണ്‍കുട്ടി ചാപിള്ളക്ക് ജന്മം നല്‍കുകയും ചെയ്തു.
ശാരീരികവും മാനസികവുമായ പീഡനത്തിലൂടെ കടന്നുപോയ പെണ്‍കുട്ടി ജനുവരി മൂന്നിന് സാജിദിനെതിരെ പരാതി നല്‍കി. പരാതിപ്രകാരം ബലാല്‍സംഗ കുറ്റത്തിന് പൊലീസ് സാജിദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.