ഛത്തീസ്ഗഡിലെ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രകാര്‍ കൊല്ലപ്പെട്ടത് അതീവക്രൂരമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകക്കേസിലെ മുഖ്യസൂത്രധാരനായ പ്രാദേശിക കരാറുകാരന്‍ സുരേഷ് ചന്ദ്രകാറിനെ പൊലീസ് ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു.
നടുക്കുന്ന വെളിപ്പെടുത്തലുകളാണ് മുകേഷിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മാരകമായ 15 ക്ഷതങ്ങളാണ് മുകേഷിന്‍റെ തലയില്‍ മാത്രമേറ്റത്. കരള്‍ നാല് കഷ്ണമായിരുന്നു, നട്ടെല്ല് അഞ്ച് കഷ്ണവും കഴുത്ത് മുറിഞ്ഞ നിലയിലും ഹൃദയം ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹം. ഇത്ര ക്രൂരമായി വികൃതമാക്കപ്പെട്ട മൃതദേഹം ഇതുവരെയും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read: കാണാതായിട്ട് നാലു നാള്‍; മാധ്യമപ്രവർത്തകന്‍റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍
ഒന്നിലേറെപ്പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മുകേഷിന്‍റെ അതിദാരുണമായ മരണത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഛത്തീസ്ഗഡിലെ റോഡ് നിര്‍മാണത്തിലെ അഴിമതി വന്‍തോതില്‍ പുറത്തുകൊണ്ടുവന്നയാളാണ് 28കാരനായ മുകേഷെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് സംസാരിച്ചതിലാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും പാര്‍ട്ടി പറയുന്നു.
ജനുവരി മൂന്നിനാണ് മുകേഷിന്‍റെ മൃതദേഹം കരാറുകാരന്‍റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തിയത്. ജനുവരി ഒന്നാം തീയതി മുതല്‍ മുകേഷിനെ കാണാനില്ലായിരുന്നു. കരാറുകാരനായ സുരേഷിന്‍റെ ബന്ധു വിളിച്ചെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോയ മുകേഷിന്‍റെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചതും സുരേഷിന്‍റെ വീടിനടുത്തായിരുന്നു. ഇതാണ് അന്വേഷണം ഈ വഴിയിലേക്ക് കേന്ദ്രീകരിക്കാന്‍കാരണം. 120 കോടി രൂപയുടെ അഴിമതി റോഡ് നിര്‍മാണത്തില്‍ നടന്നുവെന്നായിരുന്നു മുകേഷിന്‍റെ ആരോപണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.