TOPICS COVERED

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. ഒന്‍പത് പ്രതികള്‍ക്കും 307 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവ്. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ്  വിധി പറഞ്ഞത്.  കേസിലെ ഒമ്പത് പ്രതികള്‍ക്കും കൊലപാതകത്തില്‍ പങ്കുള്ളതായി കോടതി കണ്ടെത്തിയിരുന്നു.  റിജിത്ത് കൊല്ലപ്പെട്ട് 19 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി വരുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വി.വി.സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്ത് പറമ്പിൽ സി.പി.രഞ്ജിത്ത് (42), പുതിയപുരയിൽ പി.പി.അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐ.വി.അനിൽകുമാർ (51), പുതിയപുരയിൽ പി.പി.രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടിൽ വി.വി.ശ്രീകാന്ത് (46), സഹോദരൻ വി.വി.ശ്രീജിത്ത്‌ (42), തെക്കേവീട്ടിൽ ടി.വി.ഭാസ്കരൻ (62) എന്നിവരാണു ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. മൂന്നാം പ്രതി കോത്തില താഴെവീട്ടിൽ അജേഷ് വിചാരണയ്ക്കു മുൻപു മരിച്ചിരുന്നു.

 

പ്രതികൾ കൊലപാതകം, വധശ്രമം എന്നിവയിൽ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 6 പ്രതികൾ ആയുധം കൈവശം വയ്ക്കൽ വകുപ്പു പ്രകാരവും കുറ്റക്കാരാണ്. 19 വർഷത്തിനിടെ 5 ജഡ്ജിമാരാണു കേസിൽ വാദം കേട്ടത്. 2005 ഒക്ടോബർ മൂന്നിനു രാത്രിയാണു റിജിത്ത് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിനു സമീപം കൊല്ലപ്പെട്ടത്. ആർഎസ്എസ് ശാഖ നടത്തുന്നതിനെച്ചൊല്ലി സംഘർഷമു‌ണ്ടായിരുന്നു. ക്ഷേത്രത്തിനടുത്തു കിണറിന്റെ പിന്നിൽ പതിയിരുന്ന പ്രതികൾ ആയുധങ്ങളുമായി റിജിത്തിനെ ആക്രമിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്. 

ENGLISH SUMMARY:

All accused in the Rijith murder case have been sentenced to life imprisonment