കൊല്ലത്ത് ലഹരിക്ക് അടിമയായി, ആവശ്യപ്പെട്ട പണം ലഭിക്കാത്തതിന് അമ്മയെയും മുത്തച്ഛനെയും കൊന്ന കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കുണ്ടറ പടപ്പക്കര സ്വദേശി അഖില്‍കുമാറിനെ കൊട്ടിയത്തെ മൊബൈല്‍കടയിലും പടപ്പക്കരയിലെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. നാലുമാസം ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞദിവസം ജമ്മുകശ്മീരില്‍ നിന്നാണ് പിടികൂടിയത്.
അനാഥനാണെന്ന് പറഞ്ഞ് ഡല്‍ഹിയിലും ജമ്മുകശ്മീരിലും താമസിച്ച അഖില്‍കുമാര്‍ പടപ്പക്കരയിലെ സ്വന്തം വീട്ടിലേക്ക് ഇങ്ങനെയൊരു വരവ് പ്രതീക്ഷിച്ചിരുന്നില്ല. പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് തെളിവെടുപ്പില്‍ പൂര്‍ണമായി സഹകരിച്ചു. അമ്മ പുഷ്പലതയെയും മുത്തച്ഛന്‍ ആന്‍റണിയെയും കൊന്ന ഒാഗസ്റ്റ് 16ന് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീടിനുളളില്‍ നിന്ന് പൊലീസ് കണ്ടെത്തി. രണ്ട് സിംകാര്‍ഡുകളും കണ്ടെടുത്തു. എന്നാല്‍ ഇരട്ടക്കൊലപാതകത്തില്‍ യാതൊരു കുറ്റബോധവുമില്ല. അമ്മയുടെ മൊബൈല്‍ഫോണ്‍ കൊട്ടിയത്തെ മൊബൈല്‍കടയില്‍ 2000 രൂപക്ക് വിറ്റിരുന്നു, മൊബൈല്‍കടയിലെത്തിച്ചും അഖിലുമായി തെളിവെടുപ്പ് നടത്തി. അഖില്‍ അമ്മയുടെ എടിഎം കാര്‍ഡും കൈക്കലാക്കിയിരുന്നു. ഇത് എവിടെയെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ലഹിരിക്ക് അടിമയായ അഖില്‍കുമാര്‍ കൊലപാതകദിവസം രാവിലെ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടാണ് അമ്മയോട് വഴക്കുണ്ടാക്കിയത്. അമ്മ പൊലീസില്‍ അറിയിക്കുകയും പൊലീസ് വീട്ടിലെത്തി അഖിലിനെ താക്കീത് ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അന്നേദിവസം ഉച്ചയ്ക്ക് ശേഷം കൊലപാതകം. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ ചുറ്റികകൊണ്ടാണ് അടിച്ച് വീഴ്ത്തി. ഇതിന് ശേഷം ഒാംലറ്റ് തയാറാക്കി കഴിച്ചു. തുടര്‍ന്ന് ജോലിക്ക് പോയിരുന്ന അമ്മ പുഷ്പലതയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അമ്മയുടെ തലയ്ക്കും ചുറ്റിക കൊണ്ട് അടിച്ചു. ഉളി കൊണ്ട് പലവട്ടം കുത്തി. മരണം ഉറപ്പാക്കാന്‍ തലയിണകൊണ്ട് അമര്‍ത്തി. ഇതിന് ശേഷം വീട്ടിലെ ടിവി കണ്ടും പാട്ടു കേട്ടും ആസ്വദിച്ചു. ആറുമണിയോടെ വീടുവിട്ടിറങ്ങിയ അഖില്‍ ഡല്‍ഹിക്ക് വണ്ടികയറുയായിരുന്നു. അഞ്ചുദിവസമാണ് കസ്റ്റഡികാലാവധിയെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.