ആക്രി വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിൽ. 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് വല്ലപ്പുഴ സ്വദേശി നാസർ അറസ്റ്റിലായത്. എണ്‍പതോളം വ്യാജ റജിസ്‌ട്രേഷനുകള്‍ നിര്‍മ്മിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാള്‍ നികുതി വെട്ടിച്ചിരുന്നത്.
ഒരു വർഷത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നാസർ പിടിയിലായത്. പാലക്കാട് ഓങ്ങല്ലൂരിൽ ഇയാൾക്ക് 3 സ്ഥാപനങ്ങളാണുള്ളത്. എന്നാൽ എണ്‍പതോളം മേല്‍വിലാസങ്ങളിലുള്ള വ്യാജ ഡീലർ റജിസ്‌ട്രേഷനുകളാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. കൊച്ചി അമൃത ആശുപത്രിയുടെ റിസപ്ഷന്‍ ലോഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരില്‍ പോലും വ്യാജരേഖ ചമച്ചു. ഇത്തരം വ്യാജ റജിസ്‌ട്രേഷനുകള്‍ വഴി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാള്‍ നികുതി വെട്ടിച്ചിരുന്നത്.
200 കോടിയുടെ ഇടപാടികളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഇയാളുടെ വസതിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ ജി.എസ്.ടി ഓഫീസില്‍ എത്തിച്ച നാസറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരും എന്നാണ് ജി.എസ്.ടി വകുപ്പിന്റെ പ്രതീക്ഷ.