teacher-assault-arrest

ചാലക്കുടി വാട്ടര്‍തീം പാര്‍ക്കില്‍ കുട്ടികള്‍ക്കൊപ്പം വന്ന അധ്യാപകരെ ആക്രമിച്ച അഞ്ചംഗ സംഘം റിമാന്‍ഡില്‍. അധ്യാപികയോട് അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അധ്യാപകനെ മുഖത്തിടിച്ച് ആക്രമിച്ചെന്നാണ് കേസ്. അധ്യാപകരെ ആക്രമിക്കുന്നത് കണ്ട കുട്ടികള്‍ നിലവിളിച്ചപ്പോള്‍ വാട്ടര്‍തീം പാര്‍ക്കിലെ സുരക്ഷാ ജീവനക്കാര്‍ എത്തി പിടിച്ചുമാറ്റുകയായിരുന്നു.

 

കഴിഞ്ഞ ദിവസം ചാലക്കുടി വാട്ടര്‍തീം പാര്‍ക്കില്‍ വിനോദസഞ്ചാരത്തിനായി മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് വിദ്യാര്‍ഥികളുടെ സംഘം വന്നിരുന്നു. ഇവരെ അനുഗമിച്ചിരുന്ന അധ്യാപികയോടെ അശ്ലീലചുവയോടെ അഞ്ചു യുവാക്കള്‍ സംസാരിച്ചു. അധ്യാപിക ഇതു ചോദ്യം ചെയ്തു. പക്ഷേ, യുവാക്കള്‍ വീണ്ടും അധിക്ഷേപിച്ചു. അധ്യാപികയോട് മോശമായി പെരുമാറുന്നത് കണ്ട് ചോദ്യംചെയ്യാന്‍ വന്നതായിരുന്നു അധ്യാപകന്‍ പ്രണവ്. പ്രകോപിതരായ യുവാക്കള്‍ അധ്യാപകന്‍റെ മുഖത്തിടിച്ചു. മൂക്കിന് ഗുരുതരമായി പരുക്കേറ്റു. മര്‍ദ്ദിക്കുന്നതു കണ്ട വിദ്യാര്‍ഥികള്‍ നിലവിളിച്ചു. മുഖത്ത് ചോരയുമായി നില്‍ക്കുന്ന അധ്യാപകനെ കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ ഭയന്നു.

അധ്യാപകരുടെ പരാതിയില്‍ ചാലക്കുടി പൊലീസ് കേസെടുത്തു. വാട്ടര്‍തീം പാര്‍ക്കിലെ സുരക്ഷാ ജീവനക്കാര്‍ അഞ്ചു യുവാക്കളേയും തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഒറ്റപ്പാലം സ്വദേശികളായ ഉമ്മര്‍ ഷാഫി, മുഹമ്മദ് റാഷിക്, റഫീക്, ഇബ്രാഹിം, മുബഷീര്‍ എന്നിവരാണ് അധ്യാപകരെ ആക്രമിച്ചത്. പരുക്കേറ്റ അധ്യാപകന്‍ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ ചികില്‍സ തേടി. ഒറ്റപ്പാലത്തു നിന്ന് ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ ഉല്ലസിക്കാന്‍ വന്ന യുവാക്കളാണ് അധ്യാപികയോട് മോശമായി പെരുമാറിയത്. കുട്ടികളുടെ രക്ഷിതാക്കളും ചാലക്കുടി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

A five-member gang assaulted teachers at a Chalakudy water theme park after a teacher confronted them over obscene remarks. Security staff intervened as frightened children cried for help.