തൃശൂര്‍ നഗരത്തെ വിറപ്പിച്ച് നാല്‍പതു ലക്ഷം രൂപയുടെ സ്വര്‍ണ കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍ താനൂര്‍ ഇസഹാക്ക് അറസ്റ്റില്‍. പാലക്കാട് എരുമയൂരില്‍ ചെളി നിറഞ്ഞ പാടത്തുകൂടി ഏറെദൂരം പൊലീസിനെ വട്ടംചുറ്റിച്ചാണ് പിടികൊടുത്തത്. കളവു സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമകളെ ഈസ്റ്റ് പൊലീസ് ചോദ്യംചെയ്തു.
കഴിഞ്ഞ ജുലൈ 23ന് രാത്രിയായിരുന്നു തൃശൂരിനെ വിറപ്പിച്ച നാല്‍പതുലക്ഷം രൂപയുടെ സ്വര്‍ണ കവര്‍ച്ച. 650 ഗ്രാം സ്വര്‍ണവുമായി എത്തിയ ജ്വല്ലറി ജീവനക്കാരെ കച്ചവടം ഉറപ്പിക്കാന്‍ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊള്ളയടിച്ചത്. ജ്വല്ലറി ജീവനക്കാരനെ കുത്തിവീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചാ സംഘത്തിലെ തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ കയ്യോടെ ജ്വല്ലറി ജീവനക്കാര്‍ പിടികൂടിയിരുന്നു. പന്ത്രണ്ടു പേരെ ഇതിനോടകം അറസ്റ്റ് ചെയ്തെങ്കിലും തട്ടിയെടുത്ത സ്വര്‍ണം കണ്ടെത്താനായില്ല. കളവുമുതല്‍ താനൂര്‍ ഇസഹാക്കിന്‍റെ കൈവശം ഏല്‍പിച്ചെന്നായിരുന്നു മോഷ്ടാക്കളുടെ മൊഴി. താനൂര്‍ സ്വര്‍ണ കവര്‍ച്ചയിലും മുഖ്യപങ്കാളിയാണ് ഇസഹാക്ക്. മൊബൈല്‍ ഫോണില്‍ സിം ഉപയോഗിക്കില്ല. പകരം, വൈഫൈ മോഡത്തിലൂടെ ഇന്‍റര്‍നെറ്റ് കണക്ട് ചെയ്ത് വാട്സാപ്പ് കോള്‍ വിളിക്കും. കൂട്ടാളിയായ മോഷ്ടാവിനെ മുന്നില്‍ നിര്‍ത്തി പൊലീസ് ഒരുക്കിയ വലയില്‍ ഇസഹാക്ക് വീണു. പാലക്കാട് എരുമയൂരില്‍ പൊലീസിന്‍റെ മുമ്പില്‍ അകപ്പെട്ട ഇസഹാക്ക് രക്ഷപ്പെടാനായി പാടത്തുകൂടെ തലങ്ങും വിലങ്ങും. തൃശൂര്‍ എ.സി.പി.: സലീഷ് എന്‍ ശങ്കരനും ഇന്‍സ്പെക്ടര്‍ എം.ജെ.ജിജോയും അടങ്ങുന്ന സംഘമാണ് ഇസഹാക്കിനെ പിടികൂടിയത്. രണ്ടു വര്‍ഷം മുമ്പ് കാപ്പ് ചുമത്തി ഇസഹാക്കിനെ താനൂര്‍ പൊലീസ് നാടുകടത്തിയിരുന്നു. ജ്വല്ലറി ജീവനക്കാരെ ആക്രമിച്ചുള്ള സ്വര്‍ണ കവര്‍ച്ചകളുടെ ആസൂത്രകനാണ് ഇസഹാക്ക്. പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തലും പതിവാണ്. ആലുവ സ്വദേശിയായ അഷ്കറിന്‍റെ സ്വര്‍ണമാണ് തട്ടിയെടുത്തത്. താനൂര്‍ സ്വര്‍ണ കവര്‍ച്ചാ കേസിലും വരുംദിവസങ്ങളില്‍ അറസ്റ്റ് രേഖപ്പെടുത്തും.