പത്തനംതിട്ടയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ യാത്രക്കാരിയുടെ കണ്ണിന് ഗുരുതരപരിക്ക്. കൊടുമൺ സ്വദേശിനി ജ്യോതിലക്ഷ്മിയുടെ കണ്ണിലാണ് ചില്ല് തറച്ചുകയറിയത്. നിബുമോൻ, സ്വപ്ന എന്നീ സ്വകാര്യ ബസ്സുകളിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിബുമോൻ ബസ്സിലെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചര മണിയ്ക്കാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പത്തനംതിട്ട നഗരത്തിലൂടെ ഓടുന്ന നിബുമോൻ, സ്വപ്ന എന്നീ സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ നടുറോഡിൽ ഏറ്റുമുട്ടുകയായിരുന്നു. ബസ്സിന്റെ സർവീസ് സമയത്തെ കുറിച്ചുള്ള തർക്കം കയ്യാങ്കളിയിലെത്തി. അടിപിടിക്കിടെ ബസ്സിന്റെ ചില്ല് പൊട്ടി യാത്രക്കാരിയായ കൊടുമൺ സ്വദേശിനി ജ്യോതിലക്ഷ്മിയുടെ കണ്ണിൽ തറച്ചുകയറി.
ഈ റൂട്ടിൽ ബസ്സിന്‍റെ മത്സരയോട്ടവും ജീവനക്കാർ തമ്മിലുള്ള തർക്കവും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഈ രണ്ടു ബസ്സുകളും തമ്മിൽ മുൻപും തർക്കമുണ്ടായിട്ടുണ്ടെന്നും അന്ന് മുന്നറിയിപ്പ് നൽകി വിട്ടയച്ചതാണെന്നും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി. സംഭവത്തിലെ കുറ്റക്കാരനായ നിബുമോൻ ബസ്സിലെ ഡ്രൈവർ ഷാജിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പരിക്കേറ്റ ജ്യോതിലക്ഷ്മിയെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി