അവശ്യസാധനങ്ങളുടെ വില വര്‍ധനയെ തുടര്‍ന്ന് ശമ്പളം തികയുന്നില്ലെന്നും മാസശമ്പളം വര്‍ധിപ്പിച്ച് നല്‍കണമെന്നുമുള്ള ആവശ്യം നിരസിക്കപ്പെട്ടതോടെ ഷോറൂമില്‍ സൂക്ഷിച്ചിരുന്ന ആറുലക്ഷം രൂപയുമായി ജീവനക്കാരന്‍ മുങ്ങി. ഡല്‍ഹിയിലെ നരെയ്നയിലെ ബൈക്ക് ഷോറൂമിലാണ് സംഭവം. ഹസന്‍ ഖാനെന്ന 20കാരനാണ് ഡിസംബര്‍ 31ന് ഷോറൂമില്‍ സൂക്ഷിച്ചിരുന്ന പണവും ഇലക്ട്രോണിക് സാധനങ്ങളുമെടുത്ത് കടന്നുകളഞ്ഞത്.
ലുധിയാന സ്വദേശിയായ ഹസന്‍ ഒരു വര്‍ഷത്തിലേറെയായി ഷോറൂമിലെ ടെക്നികല്‍ വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.ഡിസംബര്‍ 31ന് എല്ലാവരും പുതുവര്‍ഷ ആഘോഷത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് ഹസന്‍ മോഷണം നടത്തിയത്. ഷോറൂമിലെ ലൈറ്റുകളെല്ലാം അണച്ച ശേഷം സിസിടിവിയില്‍ മുഖം കിട്ടാതെയിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചായിരുന്നു ഹസന്‍ അകത്തുകടന്നത്. തുടര്‍ന്ന് പണം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നും ആറ് ലക്ഷം രൂപ ബാഗിലാക്കി,വില പിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങളുമെടുത്ത് ഹസന്‍ സ്ഥലം വിട്ടു.
പുതുവര്‍ഷാഘോഷത്തിന് പിന്നാലെ ഷോറൂം തുറന്നതോടെയാണ് മോഷണ വിവരം മാനേജ്മെന്‍റ് അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷോറൂമിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന നൂറോളം സിസിടിവികള്‍ പരിശോധിച്ച പൊലീസ് ജീവനക്കാരെയെല്ലാം ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഹസനാണ് പ്രതിയെന്ന് തിരിച്ചറിയുകയായിരുന്നു. പൊലീസിനോട് കുറ്റം സമ്മതിച്ച ഹസന്‍, മാനേജ്മെന്‍റ് തന്‍റെ ആവശ്യം നിരസിച്ചതോടെയാണ് സാഹസത്തിന് മുതിര്‍ന്നതെന്നും വെളിപ്പെടുത്തി. ഹസന്‍റെ കൈവശം സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയും രണ്ട് വിലയേറിയ ക്യാമറകളും പൊലീസ് കണ്ടെത്തി. മറ്റുള്ളവ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.