ഛത്തീസ്ഗഡിലെ മാധ്യമപ്രവര്‍ത്തകന്‍ മുകേഷ് ചന്ദ്രാകറിന്‍റെ കൊലപാതകത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. ബന്ധുക്കളാണ് മുകേഷിനെ കൊലപ്പെടുത്തിയതെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. റോഡ് നിര്‍മാണ കരാറിലെ അഴിമതി പുറത്തുവിട്ടതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കണ്ടെത്തല്‍.
പുതുവത്സരദിനത്തിലാണ് മുകേഷിനെ കാണാതായത്. പിന്നാലെ സഹോദരന്‍ യുഗേഷ് പൊലീസില്‍ പരാതി നല്‍കി. മുകേഷിന്‍റെ ഫോണ്‍ സിഗ്നല്‍ അവസാനമായി കാണിച്ച സ്ഥലമടക്കമുള്ള വിശദാംശങ്ങള്‍ പരാതിയില്‍ ഉണ്ടായിരുന്നു. ഇത് പരിശോധിച്ച അന്വേഷണസംഘം എത്തിയത് മുകേഷിന്‍റെ ബന്ധുവായ സുരേഷ് ചന്ദ്രാകറിന്‍റെ ഒരു ഷെഡിലാണ്. മുകേഷിന്‍റെ വീട്ടില്‍ നിന്ന് അധികം ദൂരമില്ല ഇവിടേക്ക്.
ALSO READ; ഹൃദയം ചൂഴ്ന്നെടുത്തു ; വാരിയെല്ല് തകര്‍ത്തു; മാധ്യമപ്രവര്‍ത്തകനെ കൊന്നത് അതിക്രൂരമായി
ഇവിടെ ജോലിക്കാര്‍ക്ക് താമസിക്കാനായി നിര്‍മിച്ച 17 മുറികളും പൂട്ടിക്കിടക്കുകയായിരുന്നു. പുതുതായി ഒരു സെപ്റ്റിക് ടാങ്കും നിര്‍മിച്ചിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. കെട്ടിടത്തില്‍ നടത്തിയ മിനുക്കുപണികളുടെ ഭാഗമായി സെപ്റ്റിക് ടാങ്കും സിമന്‍റ് തേച്ച് പുതുക്കിയതാണെന്ന് സുരേഷ് പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചില്ല. സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധിച്ചപ്പോള്‍ പുറത്തുവന്നത് ചോര മരവിപ്പിക്കുന്ന ക്രൂരത.
സുരേഷിന്‍റെ സഹോദരന്‍ റിതേഷാണ് അവസാനമായി മുകേഷിന്‍റെ ഫോണിലേക്ക് വിളിച്ചത്. ജനുവരി രണ്ടിന് ഇയാള്‍ കൊണ്ടഗാവ് ടോള്‍ പ്ലാസ കടന്ന് പോകുന്നതും പിന്നീട് റായ്പുര്‍ വിമാനത്താവളത്തില്‍ എത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഡല്‍ഹിയിലേക്കാണ് റിതേഷ് പോയത്. ഇതും സംശയം വര്‍ധിപ്പിച്ചു.
ഇതോടെ മുകേഷിന്‍റെ ബന്ധുക്കളായ സുരേഷ്, റിതേഷ്, ദിനേഷ് എന്നിവരെ പൊലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. സുരേഷിനു കീഴില്‍ ജോലിചെയ്തിരുന്ന മഹേന്ദ്ര രാംതെകെയെക്കൂടി ചോദ്യം ചെയ്തതോടെ അതിക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു. റിതേഷും മഹേന്ദ്രയും ചേര്‍ന്നാണ് മുകേഷിനെ കൊലപ്പെടുത്തിയത്. ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചുകൊന്നശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിലിടുകയായിരുന്നു.
ജനുവരി മൂന്നിനാണ് മുകേഷിന്‍റെ മൃതദേഹം കണ്ടെടുത്തത്. സുരേഷും കൂട്ടരും നടത്തിയ അഴിമതി പുറത്തുകൊണ്ടുവന്നതിന് അവര്‍ക്ക് തന്നോട് അടങ്ങാത്ത ദേഷ്യമുണ്ടെന്ന് മുകേഷ് നേരത്തെ കുറിച്ചിട്ടിരുന്നു. ഒന്നിച്ച് അത്താഴം കഴിക്കാം എന്നുപറഞ്ഞാണ് സുരേഷ് മുകേഷിനെ ഷെഡിലേക്ക് എത്തിച്ചത്. കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കാനായി പ്രതികള്‍ മുകേഷിന്‍റെ ഫോണുകള്‍ തകര്‍ത്ത് അവശിഷ്ടം തുംനാര്‍ നദിയിലൊഴുക്കി.
നടുക്കുന്ന വെളിപ്പെടുത്തലുകളാണ് മുകേഷിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. തലയില്‍ മാത്രം മാരകമായ 15 ക്ഷതങ്ങള്‍. കരള്‍ നാല് കഷ്ണങ്ങളായി, നട്ടെല്ല് അഞ്ച് കഷ്ണവും കഴുത്ത് മുറിഞ്ഞ നിലയിലും ഹൃദയം ചൂഴ്ന്നെടുത്ത നിലയിലുമായിരു. ഇതുവരെ ഇത്ര ക്രൂരമായി വികൃതമാക്കപ്പെട്ട ഒരു മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞിരുന്നു. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് പൊലീസ് സേനകള്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സുരേഷ് പൊലീസ് പിടിയിലായത്.