അച്ഛനും അമ്മയും മൂന്നു പെണ്‍മക്കളുമടങ്ങുന്ന അഞ്ചംഗ കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. പത്തു വയസ്സിനു താഴെയുള്ള മൂന്നു കുട്ടികളാണ് മരിച്ചത്. മാതാപിതാക്കളുടെ മൃതദേഹം വീട്ടിനുള്ളില്‍ തറയില്‍ കിടക്കുന്ന നിലയിലും മക്കളുടെ മൃതദേഹങ്ങള്‍ കട്ടിലിനുള്ളിലെ സ്റ്റോറേജ് സ്പേസിലുമാണ് കണ്ടെത്തിയത്. മീററ്റിലെ ലിസാരി ഗേറ്റിലാണ് സംഭവം.
മൃതശരീരങ്ങളിലെല്ലാം തലയില്‍ മാരകമായി പരുക്കേറ്റ നിലയിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നല്ല ഭാരമുള്ള വസ്തുകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ചതു പോലെയാണ് തോന്നുന്നതെന്ന് പൊലീസ്. വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമാണോ എന്ന സംശയമുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂവെന്ന് പൊലീസ് അറിയിച്ചു.
അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയത്. വീടിന്‍റെ മുന്‍വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വീടിനു മുകളില്‍ കയറി മേല്‍ക്കൂരവഴിയാണ് പൊലീസ് വീട്ടിനുള്ളില്‍ കടന്നത്. വീട് മുഴുവന്‍ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. രണ്ട് മൃതദേഹങ്ങള്‍ തറയിലും ഏറ്റവും ഇളയ കുട്ടിയുടെ മൃതദേഹം ചാക്കിലാക്കി കട്ടിലിനുള്ളിലെ സ്റ്റോറേജ് സ്പേസിലുമാണ് കണ്ടെത്തിയത്.
ബുധനാഴ്ച മുതല്‍ വീട്ടിലുള്ളവരെ പുറത്തുകാണാതായതോടെ സംശയം തോന്നിയ അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ധരടക്കമുള്ള സംഘം സംഭവസ്ഥലത്തെത്തി.