mvd-action-3

ആലപ്പുഴയിൽ അനധികൃത കളർ ലൈറ്റുകൾ ഘടിപ്പിച്ച കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രണ്ട് ലക്ഷത്തി അൻപത്തി മൂവായിരം രൂപ പിഴ ഈടാക്കി. ഹൈക്കോടതി നിർദ്ദേശത്തിന്റെ  അടിസ്ഥാനത്തിലാണ് നടപടി.

 

എംസി റോഡിൽ ചെങ്ങന്നൂരിൽ മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കളർ ലൈറ്റുകൾ ഘടിപ്പിച്ച 12 വാഹനങ്ങൾക്കെതിരെയും അമിതഭാരം കയറ്റിവന്ന 7 വാഹനങ്ങൾക്കെതിരെയുമാണ് കേസെടുത്തത്. 2,53,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ, ആർ.രമണന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. കാൽനട യാത്രക്കാർക്കും ഡ്രൈവർമാർക്കും കാഴ്ചയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായ എല്‍ഇഡി ലൈറ്റുകൾ വാഹനത്തിൽ  ഘടിപ്പിച്ചാൽ നടപടി എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. 

നിയമവിരുദ്ധമായി ഘടിപ്പിക്കുന്ന ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കാനും വാഹനത്തിന്റെ ഫിറ്റ്നസ്, റജിസ്ട്രേഷൻ എന്നിവ സസ്പെൻഡ് ചെയ്യുന്നതിനുമാണ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകിയത്. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്  പ്രകാരമായിരുന്നു ഹൈക്കോടതി നിർദേശം.

ENGLISH SUMMARY:

MVD takes strict action against illegal lights on vehicles