ഗതാഗത നിയമങ്ങൾ അനുസരിക്കാതെ വാഹനം ഓടിക്കുന്നതാണ് ഇടുക്കി കുട്ടിക്കാനം-മുണ്ടക്കയം പാതയിൽ അപകടങ്ങൾ കൂടാൻ കാരണമെന്ന് മോട്ടോർ വാഹന വകുപ്പ്. റോഡരികിൽ ഉറപ്പില്ലാതെ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകളും അപകടം തടയാൻ പര്യാപ്തമല്ല.
തമിഴ്നാട്ടിൽ നിന്ന് ശബരിമലയിലെത്താൻ തീർത്ഥാടകർ ആശ്രയിക്കുന്ന കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലെ കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള 22 കിലോമീറ്ററിലാണ് അപകടങ്ങൾ പതിവാകുന്നത്. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള പാതയിലാണ് കഴിഞ്ഞദിവസം തീർത്ഥാടനത്തിനു പോയ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് നാലുപേർ മരിച്ചത്. ഡ്രൈവർമാർ വിശ്രമിക്കാതെ വാഹനം ഓടിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ്
പാതയോരത്ത് ക്രാഷ് ബാരിയറുകൾ നാലാടി താഴ്ച്ചയിൽ സ്ഥാപിക്കണമെന്നിരിക്കെ ഒരടി താഴ്ചയിലാണ് മേഖലയിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത്. മൂടൽമഞ്ഞ് ഇറങ്ങുന്നതിനാൽ റോഡിലുടെയുള്ള രാത്രി യാത്രയും അപകടകരമാണ്. റോഡ് നവീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി അപകടങ്ങൾ തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം