പാകിസ്ഥാനില്‍ ബലാല്‍സംഗം ചെയ്ത പിതാവിനെ തീകൊളുത്തി കൊന്ന് സഹോദരിമാര്‍. ജനുവരി ഒന്നിന് പഞ്ചാബിലെ ഗുജ്‌റൻവാലയിലാണ് സംഭവം. തങ്ങളെ പിതാവ് ലൈംഗികമായി ഉപയോഗിക്കാറുണ്ടെന്നും അതിന് എന്നന്നേക്കുമായി പരിഹാരം കാണാനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും സഹോദരിമാര്‍ പൊലീസിനോട് പറഞ്ഞു. കൗമാരക്കാരായ ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു വർഷമായി പിതാവ് മൂത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ഇളയ പെൺകുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും അര്‍ധ സഹോദരിമാരായ പെണ്‍കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ എടുത്ത് ഉറങ്ങുകയായിരുന്ന പിതാവിന്‍റെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയെ മരിച്ചു.
പെണ്‍കുട്ടികളുടെ അമ്മമാര്‍ക്ക് പിതാവ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ കൊലപാതത്തില്‍ പങ്കില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യമാരേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കിയാലുടൻ ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.