TOPICS COVERED

ആലുവയില്‍ 40 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന പരാതിയില്‍ വഴിത്തിരിവ്.  മന്ത്രവാദത്തിനായി സ്വര്‍ണം തട്ടിയെടുത്ത തൃശൂര്‍ സ്വദേശിയായ ഉസ്താദ് അറസ്റ്റില്‍. വീട്ടിലെ പ്രശ്നം മാറാന്‍ മന്ത്രവാദം നടത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആലുവ സ്വദേശി ഇബ്രാഹിമിന്‍റെ ഭാര്യയാണ് സ്വര്‍ണവും പണവും നല്‍കിയത്. സ്വര്‍ണവും പണവും നല്‍കിയ ശേഷം മോഷണം നടന്നെന്ന് പ്രചരിപ്പിക്കുകയായിരുന്നു.

ജനുവരി ആറിനാണ് വീട്ടില്‍ മോഷണം നടന്നെന്ന് പറഞ്ഞ് ആലുവ സ്വദേശിയായ ഇബ്രാഹിം പൊലീസില്‍ പരാതി നല്‍കുന്നത്. ആളില്ലാത്ത സമയത്ത് 40 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നെന്നായിരുന്നു ഇബ്രാഹിമിന്റെ പരാതി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉസ്താദ് പിടിയിലാകുന്നത്. ഇബ്രാഹിമിന്റെ ഭാര്യതന്നെ ഭര്‍ത്താവ് അറിയാതെ ഉസ്താദിന് പണം നല്‍കുകയായിരുന്നു. 

മന്ത്രവാദത്തിനായാണ് ഉസ്താദിന് സ്വര്‍ണവും പണവും നല്‍കിയതെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. പൊലീസിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഇത് മോഷണമല്ലെന്ന് കണ്ടെത്തിയത്.  പണവും സ്വര്‍ണവും നല്‍കിയതിന് ശേഷം ഭാര്യതന്നെയാണ് ഇതൊരു മോഷണമായി ചിത്രീകരിക്കാന്‍ വേണ്ടി വീടിന്റെ വാതിലിന്റെ പൂട്ട് തകര്‍ക്കുകയും അലമാരയില്‍ നിന്ന് വസ്ത്രങ്ങള്‍ മുറിയില്‍ വാരി വലിച്ചിടുകയും അടക്കം ചെയ്തത്. ഇബ്രാഹിമോ വീട്ടിലെ മറ്റുള്ളവരോ അറിയാതെ ഭാര്യതന്നെയാണ് ഇത് മോഷണമായി ചിത്രീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

ENGLISH SUMMARY:

A breakthrough in the complaint of theft of 40 sovereign of gold and cash in Aluva.