മധ്യപ്രദേശില്‍ യുവതിയെ കൊന്ന് ഫ്രിജില്‍ സൂക്ഷിച്ച സംഭവം പുറത്തറിയാന്‍ തന്നെ കാരണമായത് വീട്ടിലെ ഉയര്‍ന്ന വൈദ്യുതി ബില്‍! എന്തുകൊണ്ട് എപ്പോളും ഉയര്‍ന്ന വൈദ്യുത ബില്‍ വരുന്നു എന്ന വാടകക്കാന്‍റെ അന്വേഷണത്തിലാണ് സ്വന്തം വീട്ടിലെ അടച്ചിട്ട മുറിയില്‍ ദിവസങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രിജും അതില്‍ സൂക്ഷിച്ച മൃതദേഹവും നാടിനെ നടുക്കിയ അരുംകൊലയും പുറംലോകമറിയുന്നത്. മധ്യപ്രദേശിലെ ദേവാസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
കഴിഞ്ഞ ആറ് മാസമായി ദുബായിൽ താമസിക്കുന്ന വ്യവസായി ധീരേന്ദ്ര ശ്രീവാസ്തവയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വീട്. വീടിന്‍റെ വലതുവശത്ത് ഒരു മുറിയും അടുക്കളയും ശുചിമുറിയും ഇടതുവശത്ത് രണ്ട് കിടപ്പുമുറികളും ഒരു ഹാളും ഉണ്ടായിരുന്നു. എന്നാല്‍ ഒരു മുറി മാത്രം പൂട്ടിയ നിലയിലായിരുന്നു. 2024 ജൂലൈയിൽ ഉജ്ജയിനിലെ ഇൻഗോറിയയിൽ താമസിക്കുന്ന ബൽവീർ രജ്പുത് താഴത്തെ നില വാടകയ്‌ക്കെടുത്തു. തന്‍റെ ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിനായി മറ്റൊരു മുറി തുറക്കാൻ ദുബായിലായിരുന്ന വീട്ടുടമയോട് ഇയാൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുറി മുൻ വാടകക്കാരൻ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒടുവിൽ വീട്ടുടമ മുറിയുടെ പൂട്ട് തുറക്കാൻ അനുമതി നൽകി.
വ്യാഴാഴ്ച മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറിയ ബൽവീർ മുറിയില്‍ ഫ്രിജ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. മുൻ വാടകക്കാരന്‍റെ ഈ അശ്രദ്ധയാണ് തനിക്ക് മാസങ്ങളായി ഉയർന്ന വൈദ്യുതി ബില്‍ ലഭിക്കാന്‍ കാരണമെന്ന് മനസിലാക്കി, അയാൾ അത് സ്വിച്ച് ഓഫ് ചെയ്യുകയും അടുത്ത ദിവസം ബാക്കിയുള്ള മുറി വൃത്തിയാക്കാൻ പദ്ധതിയിടുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്‌ച പുലർച്ചയോടെ ഫ്രിജില്‍ വിന്ന് ദുർഗന്ധം വമിച്ചു, അത് പ്രദേശമാകെ വ്യാപിച്ചു. തുടർന്ന് അയൽക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഫ്രിജ് തുറന്നപ്പോള്‍ കണ്ടത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയില്‍ മൃതദേഹം. പിന്നാലെ ആ അരുംകൊലയും പുറംലോകമറിഞ്ഞു.
വീട്ടിലെ മുന്‍ വാടകക്കാരായ പ്രതിഭയും സഞ്ജയും വർഷങ്ങളായി ലിവ്-ഇൻ റിലേഷനിലായിരുന്നു. ഇതിനിടെ വിവാഹത്തിനായി പ്രതിഭ സഞ്ജയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി. എന്നാല്‍ നേരത്തെ തന്നെ വിവാഹിതനായിരുന്ന സഞ്ജയ്ക്ക് പ്രതിഭയെ വിവാഹം ചെയ്യുന്നതില്‍ താല്‍പര്യമില്ലായിരുന്നു. വിവാഹം കഴിക്കാന്‍ പ്രതിഭ നിര്‍ബന്ധിച്ചതോടെയാണ് യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്.
സുഹൃത്തായ വിനോദ് ദവേയുടെ സഹായത്തോടെയാണ് പ്രതി കൊല ചെയ്തത്. പിന്നാലെ ഇയാള്‍ വീട്ടില്‍ നിന്നും മാറി താമസിച്ചെങ്കിലും മൃതദേഹമിരിക്കുന്ന ഫ്രിജ് ഉള്‍പ്പെടെ മുറിയില്‍ സൂക്ഷിച്ചിരുന്നു. പ്രതിഭയുടെ അച്ഛന് ഹൃദയാഘാതം സംഭവിച്ചുവെന്നും ചികില്‍സക്കായി നാട്ടിലേക്ക് പോയിരിക്കുകയാണെന്നുമാണ് സഞ്ജയ് ഉടമസ്ഥനോട് പറഞ്ഞിരുന്നത്. മൃതദേഹം പരിശോധിക്കാനായി 15 ദിവസം കൂടുമ്പോള്‍ ഇയാള്‍ വീട്ടിലേക്ക് വരുമായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ പുതിയ താമസക്കാരെത്തുന്നത്. സംഭവത്തില്‍ സഞ്ജയ്യെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.