ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവാവ്. മൃതദേഹം ഫ്രിഡ്ജിലിരിക്കുന്നത് അറിയാതെ പുതിയ വാടകക്കാരന്‍ വീട്ടില്‍ താമസിച്ചത് ആറ് മാസം. മധ്യപ്രദേശിലെ ദേവാസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട പ്രതിഭയുടെ മൃതദേഹം പൊലീസ് വൃന്ദാവൻ ധാം കോളനിയിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. കേസിൽ സഞ്ജയ് പാട്ടിദാർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിഭയും സഞ്ജയും വർഷങ്ങളായി ലിവ്-ഇൻ റിലേഷനിലായിരുന്നു. ദുബായിലെ ധീരേന്ദ്ര ശ്രീവാസ്തവയുടെ വീട്ടിലാണ് ഇരുവരും വാടകക്ക് താമസിച്ചിരുന്നത്. രണ്ടുനിലവീടിന്‍റെ താഴത്തെ നില രണ്ടായി തിരിച്ചതില്‍ ഒന്നിലായിരുന്നു ഇവരുടെ താമസം. ഇതിനിടെ വിവാഹത്തിനായി പ്രതിഭ സഞ്ജയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി. എന്നാല്‍ നേരത്തെ തന്നെ വിവാഹിതനായിരുന്നു സഞ്ജയ്ക്ക് പ്രതിഭയെ വിവാഹം ചെയ്യുന്നതില്‍ താല്‍പര്യമില്ലായിരുന്നു.
വിവാഹം കഴിക്കാന്‍ പ്രതിഭ നിര്‍ബന്ധിച്ചതോടെയാണ് യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സുഹൃത്തായ വിനോദ് ദവേയുടെ സഹായത്തോടെയാണ് പ്രതി കൊല ചെയ്തത്. പിന്നാലെ ഇയാള്‍ വീട്ടില്‍ നിന്നും മാറി താമസിച്ചെങ്കിലും മൃതദേഹമിരിക്കുന്ന ഫ്രിഡ്ജുള്‍പ്പെടെ മുറിയില്‍ സൂക്ഷിച്ചിരുന്നു. പ്രതിഭയുടെ അച്ഛന് ഹൃദയാഘാതം സംഭവിച്ചുവെന്നും ചികില്‍സക്കായി നാട്ടിലേക്ക് പോയിരിക്കുകയാണെന്നുമാണ് സഞ്ജയ് ഉടമസ്ഥനോട് പറഞ്ഞിരുന്നത്. മൃതദേഹം പരിശോധിക്കാനായി 15 ദിവസം കൂടുമ്പോള്‍ ഇയാള്‍ വീട്ടിലേക്ക് വരുമായിരുന്നു.
ഇതിനിടെ വീട്ടില്‍ ബല്‍വീര്‍ എന്ന പുതിയ താമസക്കാരന്‍ വരുകയും ചെയ്തു. സഞ്ജയ് പൂട്ടിയിട്ട മുറി ഇയാള്‍ക്ക് ഉപയോഗിക്കാനായിരുന്നില്ല. ഉടന്‍ ഒഴിഞ്ഞുപോകുമെന്നും സാധനങ്ങള്‍ മാറ്റുമെന്നും പറഞ്ഞിരുന്നെങ്കിലും അത് ഉണ്ടായില്ല. ഒരു ദിവസം സഞ്ജയ്യുടെ മുറിയുടെ പൂട്ട് പൊളിച്ച് മുറി വൃത്തിയാക്കിയ ബല്‍വീര്‍ ഫ്രിഡ്ജ് ഓണായിരിക്കുന്നത് കണ്ട് ഇത് ഓഫാക്കി തിരിച്ചിറങ്ങി. പിറ്റേന്ന് ഈ മുറിയില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം ആണ് ഉണ്ടായത്. ഇതോടെ സംശയം തോന്നിയ ബല്‍വീര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് വന്ന് ഫ്രിഡ്ജ് തുറന്നപ്പോള്‍ അഴുകിയ മൃതദേഹമാണ് പുറത്തേക്ക് വീണത്. ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. അയല്‍വാസികളെ ചോദ്യം ചെയ്തപ്പോള്‍ ഒരു സ്ത്രീ സഞ്ജയ്ക്കൊപ്പം താമസിച്ചിരുന്നുവെന്നും കുറച്ചു മാസങ്ങളായി അവരെ കാണാനില്ലായിരുന്നുവെന്നും മൊഴി നല്‍കി. തുടര്‍ന്നാണ് സഞ്ജയ്യെ പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൂട്ടുപ്രതിയായ വിനോദ് മറ്റൊരു കേസില്‍ രാജസ്ഥാന്‍ ജയിലിലാണ്. രാജസ്ഥാന്‍ പൊലീസിനൊപ്പം സഹകരിച്ച് കേസന്വേഷണം പുരോഗമിക്കുമെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു.