നടക്കുന്നതിനിടെ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാരണം പറഞ്ഞ് 300 രൂപ പിഴയിട്ട് പൊലീസ്. മധ്യപ്രദേശിലെ പാന്ന ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് സൂപ്രണ്ടിനു പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.
ഹെല്‍മറ്റ് വക്കാത്ത ഇരുചക്രവാഹന യാത്രക്കാരെയൊന്നും പൊലീസിനു കിട്ടിയില്ലെന്നു തോന്നുന്നു, കട്ടവനെ കിട്ടിയില്ലേല്‍ കിട്ടിയവനെ പിടിക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണമെന്നാണ് സംഭവമറിഞ്ഞ സോഷ്യല്‍മീഡിയ അടക്കം പ്രതികരിക്കുന്നത്. പാന്ന ജില്ലയിലെ അജയ്‌ഗറിലാണ് സംഭവം. നടക്കുന്നതിനിടെ പിടിച്ചുനിര്‍ത്തി ഹെല്‍മറ്റ് ധരിച്ചില്ലെന്നും പറഞ്ഞ് പിഴ അടപ്പിക്കുകയായിരുന്നു.
മകളുടെ പിറന്നാള്‍ ആഘോഷത്തിനായി വരുന്ന അതിഥികളെ സ്വീകരിക്കാനായി നടന്നുപോവുകയായിരുന്നു സുശീല്‍കുമാര്‍ ശുക്ല. ആ വഴി വന്ന പൊലീസ് ജീപ്പ് ശുക്ലയ്ക്കരികില്‍ നിര്‍ത്തി ചോദ്യം ചെയ്തു. നിര്‍ബന്ധിച്ച് പൊലീസ് ജീപ്പില്‍ കയറ്റി അജയ്‌ഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തന്റെ മകളുടെ പിറന്നാളാഘോഷത്തിനായി വീട്ടില്‍ തിരിച്ചെത്തണമെന്നാവശ്യപ്പെട്ടപ്പോള്‍ പൊലീസ് ശുക്ലയുടെ ബൈക്കിന്റെ നമ്പര്‍ എഴുതിവാങ്ങി. ഉടന്‍ തന്നെ ഹെല്‍മറ്റ് ധരിക്കാത്തതിനു 300 രൂപ ഫൈന്‍ അടപ്പിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം നേരെ ശുക്ല പാന്ന പൊലീസ് സൂപ്രണ്ട് ഓഫീസിലെത്തി പരാതി നല്‍കി. സുതാര്യമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സബ് ഡിവിഷണല്‍ ഓഫീസര്‍ക്ക് കേസ് കൈമാറിയി്ട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.