പത്തനംതിട്ടയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനാലായി. അറസ്റ്റിലായവരില്‍ പ്ലസ് ടു വിദ്യാര്‍ഥിയും മീന്‍ കച്ചവടക്കാരായ സഹോദരങ്ങളും ഉള്‍പ്പെടുന്നു. അഞ്ചുവർഷത്തിനിടെ അറുപത്തിനാലു പേർ പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. കായികതാരം കൂടിയായ പെൺകുട്ടി സിഡബ്ല്യുസി സംരക്ഷണയിലാണ്.
സൗഹൃദം നടിച്ച് പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി. പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളുമായി പങ്കുവച്ചു. ഇങ്ങനെ 2019 തുടങ്ങി അഞ്ചുവർഷത്തിനിടെ പീഡിപ്പിച്ചത് 64 പേര്‍. 34 ആളുകളുടെ പേരുകൾ പെൺകുട്ടി എഴുതിവെച്ചിരുന്നു. ഇപ്പോൾ 18 വയസ്സുള്ള വിദ്യാർഥിനിക്ക് വിശദമായ കൗൺസിലിംഗ് നൽകിയപ്പോഴാണ് പീഡന വിവരം പുറത്തായത്. പ്രതികളിൽ മിക്കവരും 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്.
പ്രതികളിൽ ഒരാൾ പോക്സോകേസിൽ ജയിൽവാസം അനുഭവിക്കുകയാണ്. അച്ഛന്‍റെ ഫോണിലൂടെയാണ് പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ജില്ലയ്ക്ക് പുറത്തുള്ള ആളുകളും പ്രതികളായേക്കും. പത്തനംതിട്ട ചുട്ടിപ്പാറയിൽ വച്ചും പീഡനം നടന്നു. പെൺകുട്ടിയുടെ നാട്ടുകാരും സുഹൃത്തുക്കളും കായിക താരങ്ങളും പരിശീലകരുമൊക്കെ പ്രതികളാണെന്ന് സിഡബ്ല്യുസി ചെയർമാൻ എൻ. രാജീവ് പറഞ്ഞു.
ഇന്നലെ പിടിയിലായ അഞ്ചുപേരിൽ നാലുപേർക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് കേസ്. പട്ടികജാതി പട്ടിക വർഗപീഡന നിരോധന നിയമവും പ്രതികൾക്കെതിരെയുണ്ട്.
ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണ ജോർജ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ ഒരുകാരണവശാലും നടക്കാൻ പാടില്ലാത്ത കാര്യമെന്ന് മന്ത്രി ജെ.ചിഞ്ചുറാണിയും പ്രതികരിച്ചു.