പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിന്‍. സുബിനാണ് വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതും സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വച്ചതും. സുബിന്‍റെ സുഹൃത്തുക്കളാണ് പത്തനംതിട്ടയില്‍ അറസ്റ്റിലായത്.
പതിമൂന്നാം വയസില്‍ സുബിന്‍ പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു. പിന്നീട് ബൈക്കില്‍ കയറ്റി കുന്നിന്‍ മുകളിലെ റബര്‍തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പലദിവസവും രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയും പീഡിപ്പിച്ചു. തോട്ടത്തില്‍ എത്തിച്ച് സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചു. ഇവര്‍ക്ക് നഗ്ന വിഡിയോകളും നല്‍കി. ഇതാണ് പ്രചരിച്ചതും കൂടുതല്‍ പീഡനങ്ങള്‍ക്ക് വഴി വച്ചതും.
സുബിനടക്കം അഞ്ചുപേര്‍ ഇലവുംതിട്ട പൊലീസെടുത്ത കേസിലെ പ്രതികളാണ്. സുബിന്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്താനുണ്ട്. പത്തനംതിട്ടയില്‍ പ്രതികളായവര്‍ വധശ്രമക്കേസിലും കവര്‍ച്ചാക്കേസുകളിലും ഉള്‍പ്പെട്ടവരാണ്. അഫ്സല്‍, സഹോദരന്‍ ആഷിക് എന്നിവരാണ് വധശ്രമക്കേസ് പ്രതികള്‍. അറസ്റ്റിലായ കണ്ണപ്പന്‍,നിഷാദ് എന്നിവര്‍ പല സ്റ്റേഷനുകളിലേയും കവര്‍ച്ചാക്കേസ് പ്രതികളാണ്. Read Also: പത്തനംതിട്ട പീഡനം: ഇടപെട്ട് ദേശീയ – സംസ്ഥാന വനിതാ കമ്മിഷനുകള്‍; കേസെടുത്തു
കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം കൂടുതല്‍ കുട്ടി പ്രതികള്‍ പിടിയിലാകാനുണ്ട്. ഒരുമാസമായി പെണ്‍കുട്ടി നിര്‍ഭയഹോമിലാണ്. കൃത്യമായി കൗണ്‍സിലിങ് നല്‍കുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.
കേസില്‍ റാന്നിയില്‍നിന്നുള്ള ആറുപേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തി. ഇതില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
അതേസമയം, കേസില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്പിയോട് അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു. പ്രതികളെയെല്ലാം പിടികൂടാനുള്ള ഇടപെല്‍ നടത്തുമെന്ന് സതീദേവി മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു. സംസ്ഥാനത്തിന് കത്തയയ്ക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനംഗം. അഞ്ചുവര്‍ഷം തുടര്‍ച്ചയായി പീഡനം നടന്നത് സംവിധാനങ്ങളുടെ പരാജയമെന്ന് പ്രിയങ്ക് കനൂംഗോ.
സൗഹൃദം നടിച്ച് പെൺകുട്ടിയുടെ ആൺ സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി. പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളുമായി പങ്കുവച്ചു. ഇങ്ങനെ 2019 തുടങ്ങി അഞ്ചുവർഷത്തിനിടെ പീഡിപ്പിച്ചത് 64 പേർ. 34 ആളുകളുടെ പേരുകൾ പെൺകുട്ടി എഴുതിവെച്ചിരുന്നു. ഇപ്പോൾ 18 വയസ്സുള്ള വിദ്യാർഥിനിക്ക് വിശദമായ കൗൺസിലിംഗ് നൽകിയപ്പോഴാണ് പീഡന വിവരം പുറത്തായത്. പ്രതികളിൽ മിക്കവരും 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികളിൽ ഒരാൾ പോക്സോകേസിൽ ജയിൽവാസം അനുഭവിക്കുകയാണ്. Read Also: ‘അവിടെ ഒരു ചെറിയകുട്ടിയുണ്ട്, നിങ്ങള്‍ക്ക് അവളെ കിട്ടും’; കാമവെറി പിഞ്ചുകുഞ്ഞുങ്ങളോടോ? കേരളം എങ്ങോട്ട്?
അച്ഛന്‍റെ ഫോണിലൂടെയാണ് പ്രതികൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ജില്ലയ്ക്ക് പുറത്തുള്ള ആളുകളും പ്രതികളായേക്കും. പത്തനംതിട്ട ചുട്ടിപ്പാറയിൽ വച്ചും പീഡനം നടന്നു. പെൺകുട്ടിയുടെ നാട്ടുകാരും സുഹൃത്തുക്കളും കായിക താരങ്ങളും പരിശീലകരുമൊക്കെ പ്രതികളാണെന്ന് സിഡബ്ല്യുസി ചെയർമാൻ എൻ. രാജീവ് പറഞ്ഞു
ഇന്നലെ പിടിയിലായ അഞ്ചുപേരിൽ നാലുപേർക്കെതിരെ കൂട്ട ബലാത്സംഗത്തിനാണ് കേസ്. പട്ടികജാതി പട്ടിക വർഗപീഡന നിരോധന നിയമവും പ്രതികൾക്കെതിരെയുണ്ട്.
പെൺകുട്ടിയെ കൂട്ട ബലാൽസംഘത്തിന് ഇരയാക്കിയവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. കേരളത്തില്‍ ഒരുകാരണവശാലും നടക്കാൻ പാടില്ലാത്ത കാര്യമെന്ന് മന്ത്രി ജെ.ചിഞ്ചുറാണിയും പ്രതികരിച്ചു.