ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒന്‍പതു വയസുകാരനെ കൊന്ന് അഴുക്കുചാലിലിട്ട് ഡെലിവറി എക്‌സിക്യൂട്ടീവ്. സംഭവത്തില്‍ അങ്കിത് ജെയിൻ എന്ന 29 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണം വാങ്ങാന്‍ 20 രൂപ ചോദിച്ചതാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പ്രതി താന്‍ ജോലി ചെയ്തിരുന്ന ഡെലിവറി കമ്പനിയുടെ കമ്പനിയുടെ ബാഗ് ഉപയോഗിച്ചാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... പ്രതിയായ അങ്കിത് ജെയിനും കുട്ടിയുടെ അമ്മാവനും അയൽവാസികളും പരസ്പരം അറിയാവുന്നവരുമാണ്. കുറ്റകൃത്യം നടന്ന ദിവസം ഒന്‍പതു വയസുകാരനായ ലക്കി സക്‌സേന അങ്കിതിനെ കണ്ടപ്പോള്‍ ഭക്ഷണം വാങ്ങാന്‍ 20 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ പ്രതി വിസമ്മതിച്ചപ്പോള്‍, കുട്ടി പണത്തിനായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടേ ഇരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം കുട്ടിയുടെ മൃതദേഹം തന്‍റെ ഡെലിവറി ബാഗിലാക്കി വീട്ടിൽ നിന്ന് 700 മീറ്റർ അകലെയുള്ള അഴുക്കുചാലിൽ തള്ളുകയായിരുന്നു. ശേഷം ബാഗും ഉപേക്ഷിച്ചു.
കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 10 ദിവസത്തിന് ശേഷം ജനുവരി 8 നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അങ്കിത് ഡെലിവറി ബാഗുമായി പോകുന്നതും പിന്നീട് ബാഗ് ഉപേക്ഷിച്ച് തിരിച്ചുവരുന്നതും പതിഞ്ഞിട്ടുണ്ട്. തിരച്ചിലില്‍ പൊലീസ് ഇയാളുടെ ബാഗ് കണ്ടെത്തുകയും ചെയ്തു. പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പ്രതി തന്‍റെ ഡെലിവറി ബാഗില്‍ മൃതദേഹം കൊണ്ടുപോയതെന്ന് പൊലീസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, കൊലപാതക ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.