മധ്യപ്രദേശില്‍ യുവതിയെ കൊന്ന് ഫ്രിജില്‍ സൂക്ഷിച്ച സംഭവത്തില്‍ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് കൊല്ലപ്പെട്ട യുവതിയുടെ കുടുംബം. മൃതദേഹം ഏറ്റുവാങ്ങാനും അന്ത്യകർമങ്ങൾക്കുമായി കൊല്ലപ്പെട്ട പ്രതിഭയുടെ സമുദായത്തില്‍ നിന്നുള്ള പ്രതിനിധിയായി ദുർഗ്ഗാശങ്കർ പ്രജാപത് എന്നയാളാണ് എത്തിയിരുന്നത്. പ്രതിഭ പ്രതിയായ സഞ്ജയ്ക്കൊപ്പം ഒളിച്ചോടി ദേവാസിലെ വാടകവീട്ടിൽ എത്തിയപ്പോള്‍ തന്നെ കുടുംബം പ്രതിഭയുമായുള്ള എല്ലാ ബന്ധങ്ങളും വേർപെടുത്തിയതായി പൊലീസ് പറയുന്നു.
യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ മാതാപിതാക്കൾ തയ്യാറായിട്ടില്ലെന്നും സമുദായത്തിന്‍റെ പ്രതിനിധി എന്ന നിലയിൽ താനായിരിക്കും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുക എന്നും ദുർഗാശങ്കർ പറഞ്ഞു. ഏഴ് വർഷം മുമ്പാണ് പ്രതിഭ സഞ്ജയ്ക്കൊപ്പം ഒളിച്ചോടി ദേവാസില്‍ എത്തുന്നത്. മാതാപിതാക്കൾ യുവതിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബം യുവതിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ അന്ത്യകര്‍മങ്ങള്‍ ദേവാസില്‍ തന്നെ നടത്തിയ ശേഷമാണ് ദുർഗാശങ്കർ മടങ്ങിയത്.
മാസങ്ങള്‍ക്ക് മുമ്പാണ് പ്രതിഭ കൊല്ലപ്പെടുന്നത്. എന്നാല്‍ പ്രതിഭയുടെ മൃതദേഹം വൃന്ദാവൻ ധാം കോളനിയിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. പ്രതിഭയും സഞ്ജയും വർഷങ്ങളായി ലിവ്-ഇൻ റിലേഷനിലായിരുന്നു. ദുബായിലുള്ള ധീരേന്ദ്ര ശ്രീവാസ്തവയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇരുവരും വാടകക്ക് താമസിച്ചിരുന്നത്. രണ്ടുനിലവീടിന്‍റെ താഴത്തെ നില രണ്ടായി തിരിച്ചതില്‍ ഒന്നിലായിരുന്നു ഇവരുടെ താമസം. ഇതിനിടെ വിവാഹത്തിനായി പ്രതിഭ സഞ്ജയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി. എന്നാല്‍ നേരത്തെ തന്നെ വിവാഹിതനായിരുന്ന സഞ്ജയ്ക്ക് പ്രതിഭയെ വിവാഹം ചെയ്യുന്നതില്‍ താല്‍പര്യമില്ലായിരുന്നു.
വിവാഹം കഴിക്കാന്‍ പ്രതിഭ നിര്‍ബന്ധിച്ചതോടെയാണ് യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്. സുഹൃത്തായ വിനോദ് ദവേയുടെ സഹായത്തോടെയാണ് പ്രതി കൊല ചെയ്തത്. ശേഷം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്രിജില്‍ സൂക്ഷിച്ചു. പിന്നാലെ ഇയാള്‍ വീട്ടില്‍ നിന്നും മാറി താമസിച്ചെങ്കിലും മൃതദേഹമിരിക്കുന്ന ഫ്രിജ് മുറിയില്‍ സൂക്ഷിച്ചിരുന്നു. പ്രതിഭയുടെ അച്ഛന് ഹൃദയാഘാതം സംഭവിച്ചുവെന്നും ചികില്‍സക്കായി നാട്ടിലേക്ക് പോയിരിക്കുകയാണെന്നുമാണ് സഞ്ജയ് ഉടമസ്ഥനോടും അയല്‍ക്കാരോടും പറഞ്ഞിരുന്നത്. മൃതദേഹം പരിശോധിക്കാനായി 15 ദിവസം കൂടുമ്പോള്‍ ഇയാള്‍ വീട്ടിലേക്ക് വരുമായിരുന്നു.
ഇതിനിടെ വീട്ടില്‍ പുതിയ താമസക്കാരന്‍ വരുകയും ചെയ്തു. സഞ്ജയ് പൂട്ടിയിട്ട മുറി ഇയാള്‍ക്ക് ഉപയോഗിക്കാനായിരുന്നില്ല. ഒരു ദിവസം സഞ്ജയ്യുടെ മുറിയുടെ പൂട്ട് പൊളിച്ച് മുറി വൃത്തിയാക്കിയ ഇയാള്‍ ഫ്രിജ് ഓണായിരിക്കുന്നത് കണ്ട് ഇത് ഓഫാക്കി തിരിച്ചിറങ്ങി. പിറ്റേന്ന് ഈ മുറിയില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം ആണ് ഉണ്ടായത്. ഇതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വന്ന് ഫ്രിജ് തുറന്നപ്പോള്‍ അഴുകിയ മൃതദേഹമാണ് പുറത്തേക്ക് വീണത്. സംഭത്തില്‍ അറസ്റ്റ് ചെയ്ത സഞ്‍ജയ്‌യെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.