കാസർകോട് മഞ്ചക്കല്ലിൽ വൻ ലഹരിമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാലുപേരെ ആദൂർ പൊലീസ് പിടികൂടി. കോട്ടക്കണ്ണി സ്വദേശി ഷാനവാസ്, ഭാര്യ ഷെരീഫ, മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ് , ചെമ്മനാട് മൂടംബയൽ സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്. നൂറ് ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി.
രഹസ്യ വിവരത്തെ തുടർന്ന് ആദൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. പൊലീസിനെ കണ്ട് നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ലഹരിക്കടത്ത് പിടിക്കപ്പെടാതിരിക്കാനൻ ഷാനവാസ് -ഷെരീഫ ദമ്പതികളുടെ രണ്ട് വയസുള്ള കുട്ടിയുമായിട്ടായിരുന്നു സംഘത്തിന്റെ യാത്ര.
ബംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ട് വന്നത്. കണ്ണൂർ, കാസർകോട് ജില്ലയിൽ വിതരണം ചെയ്യാനായിരുന്നു ലഹരിമരുന്ന്. സംഘം സഞ്ചരിച്ച കാറും ആദൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സമാനരീതിയിൽ. ഇവർ ഇതിന് മുമ്പും ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.