ഫ്രണ്ട്സിന് ട്രീറ്റ് കൊടുക്കണം, ബ്യൂട്ടി പാർലറിൽ പോകണം എന്നൊക്കെ പറഞ്ഞ് ആ 14കാരി ഇടക്കിടെ അമ്മയില്‍ നിന്ന് പണം വാങ്ങും. പഠിക്കാൻ മിടുക്കിയായത് കൊണ്ട് തന്നെ അമ്മ അവളുടെ ആവശ്യങ്ങളെ അവഗണിക്കാറില്ലായിരുന്നു. ചോദിക്കുന്ന പണം കൊടുത്തു. പക്ഷേ ഈ പണം ഫ്രണ്ട്സിന് ട്രീറ്റ് കൊടുക്കാനല്ല ആ ഒമ്പതാം ക്ലാസുകാരി ഉപയോഗിച്ചിരുന്നത്, മറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍ സുഹൃത്തുമായി കറങ്ങാനായിരുന്നു.
ഇന്‍സ്റ്റയിലെ ഏട്ടായി തൃശൂരിൽ നിന്ന് അവളെ കാണാനെത്തും. പലയിടത്തും അവളുമായി കറങ്ങി നടക്കും. വീട്ടുകാര്‍ നോക്കിയപ്പോള്‍ മകള്‍ക്ക് രാത്രിയില്‍ ഉറക്കമില്ല, പെരുമാറ്റത്തില്‍ അസ്വാഭാവികതയുമുണ്ട്. അങ്ങനെ കുട്ടിക്ക് ഒരു കൗണ്‍സിലിങ് കൊടുത്തു. പരിശോധനയുടെ ഭാഗമായി കുട്ടിയുടെ യൂറിന്‍ പരിശോധിച്ചപ്പോള്‍, എംഡിഎംഎയുടെ സാനിധ്യം സ്ഥിരീകരിച്ചു. ഇന്‍സ്റ്റയിലെ കാമുകൻ ഈ പെൺകുട്ടിയെ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു.
അത്യാവശ്യം നല്ല ചുറ്റുപാടൊക്കെയുള്ള, പഠിക്കാൻ മിടുക്കിയായിരുന്ന 14കാരി ലഹരിക്കടിമയായത് കാമുകന്‍ വഴിയാണ്. ചുളുവിന് സ്വർണവും, പണവും അടിച്ചെടുക്കാനായാണ് ലഹരിസംഘങ്ങൾ പെൺകുട്ടികളെ ചാക്കിലാക്കുന്നത്. ഇവരുടെ പ്രേമത്തില്‍ ചാലിച്ച ലഹരിക്കെണിയില്‍ പെൺകുട്ടികൾ മാത്രമല്ല, വീട്ടമ്മമാർ വരെ കുരുങ്ങുന്നുണ്ട്. മൂന്നു കുട്ടികളെയും ഉപേക്ഷിച്ച്, 29കാരിയായ വീട്ടമ്മ ഇന്‍സ്റ്റയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ വാര്‍ത്തയാണ് ഉദാഹരണം.
വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടുപിടിച്ചു. കോടതിയിൽ വെച്ച് കാമുകനൊപ്പം പോകണമെന്നായി വീട്ടമ്മ. പ്രായപൂര്‍ത്തിയായ 2 പേരുടെയും ആവശ്യം കോടതി അംഗീകരിച്ചു. 20 പവന്‍ സ്വര്‍ണവുമായി കാമുകനൊപ്പം പോയ വീട്ടമ്മ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിലേക്കുതന്നെ തിരിച്ചെത്തി. അപ്പോഴേക്കും ആഭരണങ്ങൾ എല്ലാം നഷ്ടമായിരുന്നു. ഇവരെ കൗണ്‍സിലിങ്ങിനെത്തിച്ചപ്പോഴാണ് യഥാര്‍ഥ വില്ലന്‍ എംഡിഎംഎ ആണെന്ന് ബോധ്യമായത്.