തിരുവനന്തപുരം മംഗലപുരത്ത് യുവാവിനെ കടമുറിയിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കാപ്പ കേസില്‍ നേരത്തെ അകത്തായിരുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മംഗലപുരം സ്വദേശികളായ മുഹമ്മദ് അഷ്റഫ്, ഷഹീന്‍ കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. മംഗലപുരം മോഹനപുരം സ്വദേശി നൗഫലിനെ കഴിഞ്ഞ നാലാം തിയ്യതിയാണ് ഇരുവരും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
മംഗലപുരം ആലുനിന്നവിള മുള്ളന്‍ കോളനി വീട്ടില്‍ മുഹമ്മദ് അഷ്റഫ്, പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ എ.ആര്‍.എസ് മന്‍സിലിലെ ഷഹീന്‍ കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്. മോഹനപുരം കബറഡിയിലെ ദാറുല്‍ ഇഹ്സാന്‍ വീട്ടില്‍ നൗഫലിനെ കഴിഞ്ഞ നാലിനാണ് ഇരുവരും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ പ്രതികള്‍ കബറഡി റോഡില്‍വച്ച് നൗഫലിനെ വെട്ടിയെങ്കിലും രക്ഷപ്പെടാന്‍ തൊട്ടടുത്തുള്ള കടയിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്ന അക്രമികള്‍ നൗഫലിനെ കടയലിട്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
കൈകാലുകള്‍ക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും അസ്ഥികള്‍ക്ക് പൊട്ടലേല്‍ക്കുകയും ചെയ്ത നൗഫല്‍ ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിന് പിന്നാലെ പ്രതികള്‍ മുംബൈയിലേക്ക് കടന്നു. തിരിച്ചെത്തിയ പ്രതികള്‍ കൊച്ചുവേളിയില്‍ ട്രയിന്‍ ഇറങ്ങിയപ്പോഴാണാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതി അഷ്റഫിന്‍റെ സഹോദരന്‍ മുഹമ്മദ് അന്‍സര്‍ കാപ്പകേസില്‍ ജയിലിലാണ്. നൗഫലിന്‍റെ ബന്ധു അജ്മലുമായുള്ള അടിപിടി കേസിലാണ് അന്‍സാര്‍ അകത്തായത്. ഈ വൈരാഗ്യം തീര്‍ക്കാനാണ് പ്രതികള്‍ നൗഫലിനെ അക്രമിച്ചത്. രണ്ട് പ്രതികളും നേരത്തെ കാപ്പ കേസില്‍ തടവിലായിട്ടുണ്ട്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം വധശ്രമം, അടിപിടി, കഞ്ചാവ് കേസുകളില്‍ ഇവര്‍ പ്രതികളായി.