gopan-swami-samadhi-opened
  • നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം
  • ‘വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ’
  • ആന്തരിക അവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരൂ. ആന്തരികഅവയവങ്ങളുടെ സാംപിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചു. 

വിവാദ സമാധി കല്ലറ പൊളിച്ച് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് പുറത്തെടുത്തത്. ഇരുന്നനിലയിൽ കാണപ്പെട്ട മൃതദേഹത്തില്‍ കഴുത്തുവരെ പൂജാ ദ്രവ്യങ്ങൾ മൂടിയിരുന്നു. പുലര്‍ച്ചെ മുതൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയശേഷം രാവിലെ ഏഴേകാലിനാണ് കല്ലറ പൊളിച്ചു തുടങ്ങിയത്. ഒന്നരമണിക്കൂറില്‍  ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നേരം വെളുക്കും മുമ്പേ വിവാദ സമാധി കല്ലറ പൊളിക്കാനുള്ള ഒരുക്കങ്ങൾ പൊലീസ് പൂർത്തിയാക്കിയിരുന്നു. കല്ലറയിൽ നിന്നും അരകിലോമീറ്റർ അകലെ തന്നെ റോഡ് അടച്ച് പുറത്തുനിന്നുള്ളവരുടെ വരവ് പൊലീസ് തടഞ്ഞു. കല്ലറയിൽ നിന്നും 150 മീറ്റർ അകലെ മാധ്യമങ്ങളെയും. നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം. കല്ലറയും, സ്വാമിയുടെ വീടും, ക്ഷേത്രവും അടങ്ങുന്ന സ്ഥലം പൂർണ്ണമായും പൊലീസ് നിയന്ത്രണത്തിൽ.  ഫോറൻസിക് സർജൻമാരും വിരലടയാള വിദഗ്ധരും കല്ലറ പൊളിക്കാനുള്ള തൊഴിലാളികൾ സ്ഥലത്ത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ആംബുലൻസും റെഡി. 7 മണിയോടെ സബ്കളക്ടർ ആൽഫ്രഡും എത്തിയത്തോടെ എല്ലാം തയാര്‍. 7.15ന് കല്ലറ ഇളക്കി തുടങ്ങി. പുറത്ത് സാക്ഷിയായി മാധ്യമങ്ങളും പ്രദേശവാസികളും മാത്രം.

അങ്ങനെ കഴിഞ്ഞ ഒരാഴ്ചയായി കേരളം ചർച്ച ചെയ്യുന്ന സമാധി വിവാദത്തിന്റെ ചുരുളഴിയുകയാണ്. വിവാദ സമാധി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തതോടെ അതിന്‍റെ ആദ്യഘട്ടം പിന്നിട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ സമാധി വിവാദത്തെ ചുറ്റിപ്പറ്റി ഉണ്ടായ നാടകീയതകൾ സംഘർഷ വൈകാരിക സഹചര്യങ്ങൾക്കെല്ലാം അവസാനമായിരിക്കുന്നു.  

ENGLISH SUMMARY:

Death of Neyyattinkara Gopan Swami: Police say there is no foul play