എറണാകുളം ചേന്ദമംഗലം കിഴക്കുംപുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്നു . അയല്‍വാസി റിതു ജയന്‍ പിടിയില്‍. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത് . വേണുവിന്റെ മരുമകന്‍ ജിതിന്‍ ഗുരുതര പരുക്കേറ്റ് ചികില്‍സയില്‍ . അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമെന്നു സൂചന. പ്രതി ലഹരിക്കടിമയെന്നും സംശയം.
റിതു ജയന്‍ ഗുണ്ടാ പട്ടികയിലുള്ള ആളെന്ന് മുനമ്പം ഡിൈവഎസ്പി എസ്.ജയകൃഷ്ണന്‍ പറഞ്ഞു. സ്ത്രീയെ ശല്യപ്പെടുത്തിയതടക്കം മൂന്നുകേസുകളില്‍ പ്രതിയാണ്. ഇരുമ്പ് പൈപ്പുമായി നാലുപേരെയും ആക്രമിക്കുകയായിരുന്നു. രണ്ടുകുട്ടികളെ ഉപദ്രവിച്ചില്ല. അയല്‍ക്കാര്‍ തമ്മിെല തര്‍ക്കമെന്ന് സൂചനയെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി രണ്ടുദിവസം മുന്‍പാണ് നാട്ടിലെത്തിയതെന്നു എസ്.പി പറഞ്ഞു. ഇയാള്‍ ലഹരിക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് . തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനായി രണ്ട് പൈപ്പുകള്‍ ഉപയോഗിച്ചു. പ്രതിയെ കണ്ട് സംശയംതോന്നിയ എസ്.ഐയാണ് പിടികൂടിയതെന്നും എസ്.പി വൈഭവ് സക്സേന വിശദീകരിച്ചു. ഇതിനിടെ പ്രതി ഇരുമ്പുപൈപ്പുമായി ഭീഷണിമുഴക്കുന്ന ദൃശ്യം പുറത്തായി.
പ്രതി കഞ്ചാവ് കച്ചവടക്കാരനെന്നും സ്ഥിരം ശല്യക്കാരനെന്നും അയല്‍വാസി സുനില്‍ പറയുന്നു. വീടുകള്‍ക്ക് നേരെ കല്ലെറിയുന്നത് പതിവാണ്. മുന്‍പ് ഗേറ്റ് തകര്‍ത്തിരുന്നു. വിനീഷയെ കൊല്ലുമെന്ന് മുന്‍പും ഭീഷണിപ്പെടുത്തിയിരുന്നു. പ്രതി ലഹരിക്കടിമയാണ്. ഇയാള്‍ മാതാപിതാക്കളെ ഉള്‍പ്പെടെ മര്‍ദിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.